കണ്ണന്താനത്തിന്റേത് രാഷ്ട്രീയ അല്‍പ്പത്തം; കിസാന്‍ സമ്മാന്‍ പദ്ധതി ഉദ്ഘാടനം സംസ്ഥാനത്തെ അറിയിക്കാത്തതിനെ വിമര്‍ശിച്ച് മന്ത്രി സുനില്‍കുമാര്‍

കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ പദ്ധതിയുടെ കഴക്കൂട്ടത്തെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ നടത്തുന്നതിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍.
കണ്ണന്താനത്തിന്റേത് രാഷ്ട്രീയ അല്‍പ്പത്തം; കിസാന്‍ സമ്മാന്‍ പദ്ധതി ഉദ്ഘാടനം സംസ്ഥാനത്തെ അറിയിക്കാത്തതിനെ വിമര്‍ശിച്ച് മന്ത്രി സുനില്‍കുമാര്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ പദ്ധതിയുടെ കഴക്കൂട്ടത്തെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ നടത്തുന്നതിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കാണിക്കുന്നത് രാഷ്ട്രീയ അല്‍പ്പത്തമെന്ന് വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഇത് മര്യാദയില്ലായ്മ ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സര്‍ക്കാര്‍ പദ്ധതികള്‍ പാര്‍ട്ടി പരിപാടികളാക്കി മാറ്റനുള്ള ബിജെപി നീക്കം ശരിയല്ല. കേന്ദ്രസര്‍ക്കാര്‍ പരിപാടികള്‍ സംസ്ഥാന സര്‍ക്കാരിനെക്കൂടി അറിയിച്ചാണ് നടത്താറുള്ളത്. ഇത് ഫെഡറല്‍ സംവിധാനത്തോടുള്ള മര്യാദയില്ലായ്മയാണ്. ഇതുവരെ കേന്ദ്രസര്‍ക്കാരിന്റെ ഒരു ഉദ്യോഗസ്ഥനും മന്ത്രി എന്ന നിലയില്‍ വിവരം അറിയിച്ചിട്ടില്ല. സാധാരണ നിലയ്ക്ക് കേന്ദ്രമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോള്‍ സാമാന്യ മര്യാദയ്ക്ക് സംസ്ഥാന മന്ത്രിയെ കാണുകയും അറിയിക്കുകയും ചെയ്യേണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നിട്ടാണ്. അല്ലാതെ കേന്ദ്രം നേരിട്ട് വന്ന് നടപ്പാക്കുകയല്ല- മന്ത്രി പറഞ്ഞു. 

കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് കഴക്കൂട്ടത്ത് സിഡിസിആര്‍ഐയിലാണ് നടക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. 

കൃഷിമന്ത്രിയെയോ സ്ഥലം എംഎല്‍എയായ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെയോ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ബിജെപിയുടെ സങ്കുചിത മനോഭാവത്തിന്റെ തെളിവാണ് ഇതെന്ന് നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com