ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം :പുകയില്‍ വലഞ്ഞ് കൊച്ചി ; പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുന്നു

പുകയ്‌ക്കൊപ്പം പ്ലാസ്റ്റിക് കത്തിയ ദുര്‍ഗന്ധവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം :പുകയില്‍ വലഞ്ഞ് കൊച്ചി ; പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുന്നു

കൊച്ചി: ബ്രഹ്മപുരം  മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചിയില്‍ പുകശല്യം രൂക്ഷമായി തുടരുകയാണ്. വൈറ്റില, തൈക്കൂടം, തൃപ്പൂണിത്തുറ, ഇരുമ്പനം ഭാഗങ്ങളില്‍ പുകശല്യം രൂക്ഷമായിട്ടുണ്ട്. പുകയ്‌ക്കൊപ്പം പ്ലാസ്റ്റിക് കത്തിയ ദുര്‍ഗന്ധവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. പുക രൂക്ഷമായതോടെ കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതായി നാട്ടുകാര്‍ പറയുന്നു. 

പുക ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ കൊച്ചി നഗരസഭ രാവിലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. വൈകീട്ടോടെ പുകശല്യം പൂര്‍ണമായും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീപിടിത്തമുണ്ടായ മാലിന്യപ്ലാന്റില്‍ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പരിശോധന നടത്തുകയാണ്. തീപിടിത്തത്തില്‍ റവന്യൂമന്ത്രി ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതില്‍ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കുമെന്നാണ് സൂചന. 

അതിനിടെ ബ്രഹ്മപുരം പ്ലാന്റിലെ തീപ്പിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീപ്പിടിത്തതില്‍ അട്ടിമറി സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗം വിളിക്കണമെന്നാണ് കോര്‍പ്പറേഷന്റെ ആവശ്യം. തീപ്പിടിത്തത്തെ തുടര്‍ന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സുരക്ഷ ശക്തമാക്കാനും കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ നാല് തീപ്പിടുത്തമാണുണ്ടായത്. തീപ്പിടുത്തം ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെടുന്നത്. കൊച്ചി കോര്‍പ്പറേഷനെ കൂടാതെ സമീപത്തുള്ള നഗരസഭകളും,പഞ്ചായത്തുകളും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് കണക്കുകളില്ലാത്ത മാലിന്യമാണ് ബ്രഹ്മപുരം പ്ലാന്റില്‍ മാസങ്ങളായി നിക്ഷേപിച്ചത്. തീപ്പിടുത്തതിന് പൂര്‍ണ്ണ പരിഹാരമാകാതെ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യം വരും ദിവസങ്ങളില്‍ ബ്രഹ്മപുരത്തേക്ക് എത്തിക്കാനാകില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com