അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല, ബിഡിങ്ങില്‍ നടന്നത് വിചിത്രമായ കാര്യങ്ങളെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍
അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല, ബിഡിങ്ങില്‍ നടന്നത് വിചിത്രമായ കാര്യങ്ങളെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പരിചയമുണ്ടെന്നതാണ് കാര്യം. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന ബിഡിങ്ങില്‍ നടന്നത് വിചിത്രമായ കാര്യങ്ങളാണ്. അദാനി വന്നാല്‍ വഴങ്ങുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് അദാനി പോലും പറയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

വിമാനത്താവളത്തിന്റെ വികസനം അദാനി എന്ന ഒരു കുത്തകയെ മാത്രം ഏല്‍പ്പിച്ചാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തി ലാഭം ഉണ്ടാക്കാമെന്ന് കരുതേണ്ടെന്നും പിണറായി മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന്  ലഭിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

വിമാനത്താവളത്തിന്റെ ഫിനാന്‍ഷ്യല്‍  ബിഡില്‍ അദാനി ഗ്രൂപ്പ് ഒന്നാം സ്ഥാനത്ത് എത്തിയതായുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സി രണ്ടും, ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവള നടത്തിപ്പുകാരായ ജിഎംആര്‍ മൂന്നാംസ്ഥാനത്തുമുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 28നാണ്. 

തിരുവനന്തപുരം ഉള്‍പ്പെടെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൈമാറാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ബിഡ് ക്ഷണിച്ചത്. ജിഎംആറും അദാനിയും ആറു വിമാനത്താവളങ്ങള്‍ക്കു വേണ്ടിയും ബിഡ് സമര്‍പ്പിച്ചിരുന്നു. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം ഏറ്റെടുത്തു വികസിപ്പിച്ചത് ജിഎംആര്‍ ഗ്രൂപ്പ് ആണ്. എന്നാല്‍ അദാനി ആദ്യമായാണ് വ്യോമയാന മേഖലയില്‍ മുതല്‍ മുടക്കുന്നത്. 

തിരുവനന്തപുരം കൂടാതെ അഹമ്മദാബാദ്, ജയ്പുര്‍, ലക്‌നൗ, മംഗലാപുരം എന്നിവയും അദാനിക്ക് ലഭിക്കുമെന്നാണ് വിവരം. മംഗലാപുരത്തിനായി ബിഡില്‍ പങ്കെടുത്ത സിയാല്‍ രണ്ടാം സ്ഥാനത്താണ്. ഗുവാഹത്തി വിമാനത്താവളത്തിന്റെ ബിഡ് കോടതി സ്‌റ്റേ  ചെയ്തു.  

രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നേരത്തേ പ്രതിഷേധമുയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആദ്യം ഈ നീക്കത്തെ എതിര്‍ത്തെങ്കിലും പിന്നീടു നടത്തിപ്പവകാശത്തിനായി ബിഡില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിയാലിന്റെ പേരില്‍ ബിഡില്‍ പങ്കെടുക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീടു തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ടിയാല്‍) എന്ന കമ്പനിയുണ്ടാക്കി.

എന്നാല്‍, മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ കെഎസ്‌ഐഡിസിയുടെ പേരിലാണ് ബിഡില്‍ പങ്കെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം കെഎസ്‌ഐഡിസിക്ക് 10% റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍ അനുവദിച്ചിരുന്നു. ഇതുപ്രകാരം, ഏറ്റവും കൂടുതല്‍ തുക നിര്‍ദേശിക്കുന്നത് മറ്റു രണ്ടു കമ്പനികളാണെങ്കില്‍ പോലും തുക വര്‍ധിപ്പിക്കാന്‍ കെഎസ്‌ഐഡിസിക്ക് അവസരം ലഭിക്കുമെന്നായിരുന്നു വിവരം. വിമാനത്താവള നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com