ആയിരം ദിനങ്ങള്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത് 937.45കോടി രൂപ, സഹായമെത്തിയത് 2.57 ലക്ഷം പേര്‍ക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് 937.45കോടി രൂപ.
ആയിരം ദിനങ്ങള്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത് 937.45കോടി രൂപ, സഹായമെത്തിയത് 2.57 ലക്ഷം പേര്‍ക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് 937.45കോടി രൂപ. 2.57 ലക്ഷം പേര്‍ക്കാണ് ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം അനുവദിച്ചത്. ഓഖി, പ്രളയ ദുരിതാശ്വാസ സഹായം ഉള്‍പ്പെടാതെയാണ് ഈ തുക. മുന്‍സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനകം നല്‍കിയതിനേക്കാള്‍ തുക ആയിരം ദിനത്തിനകം സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞു.

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ദുരിതാശ്വാസ നിധി നിബന്ധനകളില്‍ ആവശ്യമായ മാറ്റങ്ങള്‍ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദുരിതാശ്വാസ സഹായം ലഭിക്കുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിക്ക് നേരിട്ട് അനുവദിക്കാന്‍ കഴിയുന്ന ധനസഹായ പരിധി മൂന്ന് ലക്ഷമായി ഉയര്‍ത്തി.ഗുരുതരമായ കാന്‍സര്‍ ചികിത്സക്കും അവയവമാറ്റ ശസ്ത്രക്രിയക്കും മൂന്ന് ലക്ഷം വരെ ധനസഹായം നല്‍കും.

ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി. https://cmdrf.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കാം. അപേക്ഷയുടെ പുരോഗതി നിരീക്ഷിക്കാന്‍ അപേക്ഷകന് സാധിക്കും.

കുറ്റമറ്റ സാങ്കേതികവിദ്യയുടെ സഹായത്തോടെ അപേക്ഷ പരിശോധനാ സംവിധാനം നിലവില്‍ വന്നതിനാല്‍ നടപടികള്‍ വേഗത്തിലായി. തീരുമാനമെടുത്ത് ഉത്തരവിറങ്ങിയാല്‍ ദിവസങ്ങള്‍ക്കകം അക്കൗണ്ടില്‍ പണം എത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com