ഇടതുസംഘടന നേതാവിന്റെ തിരിമറി ചൂണ്ടിക്കാട്ടിയ വനിത ഓഫീസര്‍ക്ക് സ്ഥലംമാറ്റം; ആരോപിതനെതിരേ നടപടിയെടുക്കാതെ സര്‍ക്കാര്‍

അപേക്ഷ നല്‍കാതെയാണ് നേതാവ് അവധിയെടുക്കുന്നത്. അവധിക്ക് ശേഷം വരുന്ന ദിവസം മേലധികാരിയുടെ അനുമതിയില്ലാതെ മുഴുവന്‍ ദിവസത്തെയും ഹാജര്‍ രേഖപ്പെടുത്തും
ഇടതുസംഘടന നേതാവിന്റെ തിരിമറി ചൂണ്ടിക്കാട്ടിയ വനിത ഓഫീസര്‍ക്ക് സ്ഥലംമാറ്റം; ആരോപിതനെതിരേ നടപടിയെടുക്കാതെ സര്‍ക്കാര്‍

കൊച്ചി; ഇടതുസംഘടനാ നേതാവിന്റെ ക്രമക്കേട് ചൂണ്ടിക്കാട്ടിയ വനിത ഓഫീസറെ സ്ഥലം മാറ്റി സംസ്ഥാന സര്‍ക്കാര്‍. കളമശേരി ഒന്നാം സര്‍ക്കിള്‍ ഓഫിസിലെ അസി. സ്‌റ്റേറ്റ് ടാക്‌സ് ഓഫിസറായിരുന്ന കെ.ശോഭയാണ് ഇടതു സംഘടന നേതാവിനെതിരേ രംഗത്തെത്തിയത്. ഇയാള്‍ ഹാജര്‍ പുസ്തകത്തില്‍ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ തന്നെ സ്ഥലം മാറ്റുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് ഡപ്യൂട്ടി കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ ശോഭ പറയുന്നത്. 

നേതാവിനെതിരേ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം. സംഭവത്തില്‍ അന്വേഷണം നടത്തി തിരിമറി കണ്ടെത്തിയിട്ടും ഇയാള്‍ക്കെതിരേ നടപടി എടുത്തില്ലെന്നും ആക്ഷേപമുണ്ട്. നേതാവിന്റെ ഹാജര്‍ കോളത്തില്‍ വളരെയധികം തിരുത്തല്‍ വരുത്തിയതു വ്യക്തമാണെന്നും എന്നാല്‍, ശോഭയെ ഭീഷണിപ്പെടുത്തിയതിനു മൊഴിയല്ലാതെ മറ്റു തെളിവൊന്നുമില്ലെന്നാണു പരാതിയില്‍ അന്വേഷണം നടത്തിയ പ്രത്യേക സമിതിയുടെ കണ്ടെത്തല്‍.

അപേക്ഷ നല്‍കാതെയാണ് നേതാവ് അവധിയെടുക്കുന്നത്. അവധിക്ക് ശേഷം വരുന്ന ദിവസം മേലധികാരിയുടെ അനുമതിയില്ലാതെ മുഴുവന്‍ ദിവസത്തെയും ഹാജര്‍ രേഖപ്പെടുത്തും. തുടര്‍ന്ന്, ഇത്തരം അവധികള്‍ ആകസ്മിക അവധിയായി മേലധികാരി രേഖപ്പെടുത്തി. 2018ലെ ഇയാളുടെ 20 കാഷ്വല്‍ ലീവും ഫെബ്രുവരിയില്‍ തന്നെ തീര്‍ന്നു. തുടര്‍ന്ന്, ഇയാളുടെ ഹാജര്‍ കോളം ഓഫിസര്‍ തന്നെ ക്രോസ് ചെയ്തു. അവധി അപേക്ഷ ചോദിച്ചപ്പോള്‍ അപമര്യാദയായി പെരുമാറുകയും സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നുമാണ് പറയുന്നത്. 

ഒരു തവണ ഹാജര്‍ പുസ്തകം ബലമായി പിടിച്ചുവാങ്ങി, ക്രോസ് ചെയ്ത കോളങ്ങള്‍ ചുരണ്ടി മായ്ച്ച ശേഷം ഒപ്പിടുക പോലും ചെയ്തിട്ടുണ്ടെന്നാണ് ശോഭ പറയുന്നത്. പലതവണ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതു സഹിക്കാവുന്നതിനപ്പുറമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശോഭയുടെ പരാതിയില്‍ അന്വേഷണം നടത്തിയെങ്കിലും കുറ്റാരോപിതനെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇതിനാലാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com