എന്‍എസ്എസുമായി ഭിന്നത ശബരിമല വിഷയത്തില്‍ മാത്രം; സമുദായ സംഘടനകള്‍ ശത്രുപക്ഷത്തല്ലെന്ന് കോടിയേരി

എന്‍എസ്എസുമായി ഭിന്നത ശബരിമല വിഷയത്തില്‍ മാത്രം; സമുദായ സംഘടനകള്‍ ശത്രുപക്ഷത്തല്ലെന്ന് കോടിയേരി
എന്‍എസ്എസുമായി ഭിന്നത ശബരിമല വിഷയത്തില്‍ മാത്രം; സമുദായ സംഘടനകള്‍ ശത്രുപക്ഷത്തല്ലെന്ന് കോടിയേരി

കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഒഴിച്ച് സംസ്ഥാന സര്‍ക്കാരിനോ സിപിഎമ്മിനോ എന്‍എസ്എസുമായി ഭിന്നതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിശ്വാസത്തില്‍ അധിഷ്ഠിതമായ നിലപാടാണ് ഇക്കാര്യത്തില്‍ എന്‍എസിനെന്നും ആ വിശ്വാസം അവരെ രക്ഷിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയാണ് ഇപ്പോള്‍ രാജ്യത്തെ നിയമം. അത് അനുസരിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല. കോടതി വിധിക്ക് എതിരായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് എന്‍എസ്എസ് ആവശ്യപ്പെടുന്നത്. അത് എങ്ങനെ അംഗീകരിക്കാനാവുമെന്ന് കോടിയേരി ചോദിച്ചു. നിയമം നടപ്പാക്കാനാവുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒരു സര്‍ക്കാര്‍ എന്ന് സുപ്രിം കോടതി ചോദിക്കും. സര്‍ക്കാരിനെതിരെ അങ്ങനെയൊരു പരാമര്‍ശമുണ്ടാക്കാനാണ് എന്‍എസ്എസിന്റെ ശ്രമമെന്ന് കോടിയേരി ആരോപിച്ചു.

ശബരിമല ഒഴികെയുള്ള വിഷയങ്ങളില്‍ എന്‍എസ്എസുമായി വിയോജിപ്പില്ല. ഒരു സമുദായ സംഘടനയെയും സിപിഎം ശത്രുപക്ഷത്തു കാണുന്നില്ല. അവരെ സന്ദര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നാണ് എന്നും പാര്‍ട്ടി എടുത്തിട്ടുള്ള നിലപാട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതില്‍ തെറ്റില്ല. രഹസ്യമായല്ല, പരസ്യമായി തന്നെയാണ് മുഖ്യമന്ത്രി അവിടെ പോയത്. പെരുന്നയിലേക്ക് ആരും വരേണ്ട എന്ന് സുകുമാരന്‍ നായര്‍ നിലപാട് എടുത്തതുകൊണ്ടാണ് അങ്ങോട്ടുപോവാത്തത്. വാതില്‍ കൊട്ടിയടച്ചിടത്തേക്ക് പോവേണ്ട കാര്യം സിപിഎമ്മിനില്ല. സുകുമാരന്‍ നായരുമായുള്ള ഭിന്നതയില്‍ കൂടുതല്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com