പെരിയ ഇരട്ടക്കൊലക്കേസ്; ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു; സർവകക്ഷി യോഗം ബഹിഷ്കരിച്ച് കോൺഗ്രസ്
By സമകാലികമലയാളം ഡെസ്‌ക് | Published: 26th February 2019 08:59 PM |
Last Updated: 26th February 2019 09:13 PM | A+A A- |

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരന്വേഷണസംഘം ഉറ്റവരുടെ മൊഴി രേഖപ്പെടുത്തിയത്.
രാവിലെ പതിനൊന്ന് മണിയോടെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലാണ് ക്രൈംബ്രാഞ്ച് സംഘം കല്ലിയോട്ട് എത്തിയത്. സംഭവ സ്ഥലത്ത് വിശദമായി പരിശോധന നടത്തിയ ശേഷമാണ് കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ മൊഴിയെടുത്തത്. ഓരോ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് വീടുകളിലുമെത്തി കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്തുകയായിരുന്നു. കൃപേഷിനും ശരത് ലാലിനുമെതിരെയുണ്ടായിരുന്ന ഭീഷണകളടക്കമുള്ള കാര്യങ്ങൾ ബന്ധുക്കൾ പൊലീസിനോട് വിശദീകരിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോഴും കോൺഗ്രസ് സിബിഐ അന്വേഷണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കലക്ടർ വിളിച്ച സർവകക്ഷി യോഗത്തിലും കോൺഗ്രസ് ഇതേ ആവശ്യം ഉന്നയിച്ചു.
അതേസമയം കേസ് സിബിഐക്ക് വിടണമെന്ന ആവശ്യത്തിൽ നേതാക്കൾ ഉറച്ചു നിന്നതോടെ ചർച്ച വഴിമുട്ടി. സിബിഐ അന്വേഷണം വേണമെന്നുള്ള പ്രമേയം പാസാക്കണമെന്ന ആവശ്യം മന്ത്രി ഇ ചന്ദ്രശേഖരൻ നിരാകരിച്ചതോടെ യുഡിഎഫ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.