അൺ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം ഇനി സർക്കാർ നിശ്ചയിക്കും

സർക്കാർ നിയോഗിക്കുന്ന കമ്മിറ്റിയായിരിക്കും മിനിമം വേതനമുൾപ്പെടുന്ന വേതന വ്യവസ്ഥകൾ നിശ്ചയിക്കുക
അൺ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം ഇനി സർക്കാർ നിശ്ചയിക്കും

തിരുവനന്തപുരം: അൺ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകൾ സർക്കാർ നിശ്ചയിക്കും. ഇതുസംബന്ധിച്ച ബില്ലിന് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപം നൽകി. സർക്കാർ നിയോഗിക്കുന്ന കമ്മിറ്റിയായിരിക്കും മിനിമം വേതനമുൾപ്പെടുന്ന വേതന വ്യവസ്ഥകൾ നിശ്ചയിക്കുക. 

ശമ്പളം നിശ്ചയിക്കാനുള്ള കമ്മിറ്റിക്ക് രൂപം നൽകി സർക്കാർ വിജ്ഞാപനമിറക്കും. തൊഴിലുടമകൾ, അധ്യാപകരടക്കമുള്ള ജീവനക്കാർ എന്നിവരുടെ പ്രതിനിധികൾ കമ്മിറ്റിയിലുണ്ടാകും. ഇതിന്റെ മൂന്നിലൊന്ന് സ്വതന്ത്ര അംഗങ്ങളുമുണ്ടാകും. സ്വന്തന്ത്രാംഗമായിരിക്കും കമ്മിറ്റി ചെയർമാൻ.

അഞ്ച് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്‌കരണമുണ്ടാകും. സർക്കാർ നിശ്ചയിക്കുന്ന സ്കെയിലിനെക്കാൾ കുറവ് ശമ്പളമാണ് നൽകിയതെങ്കിൽ വ്യത്യാസം വന്ന തുകയുടെ പത്തിരട്ടി മാനേജ്‌മെന്റ് നഷ്ടപരിഹാരം നൽകണമെന്നും അംഗീകൃത സ്വാശ്രയ സ്കൂളുകളിലെ വേതനവും ബത്തയും നിശ്ചയിക്കൽ ബിൽ വ്യവസ്ഥ ചെയ്യുന്നു.

അൺ എയ്ഡഡ് സ്കൂളുകളെ വ്യവസായമായി കാണുന്നുണ്ടെങ്കിലും അധ്യാപകർ, അനധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരെ തൊഴിലാളിയായോ ജീവനക്കാരനായോ അംഗീകരിച്ചിരുന്നില്ല. പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്ക് ബാധകമാകും വിധമാണ് പുതിയ നിയമ നിർമാണം.

അടിസ്ഥാന ശമ്പള സ്കെയിലും ജീവിത വില സൂചികയിൽ വരുന്ന വ്യതിയാനത്തിന് അനുസരിച്ചുള്ള ബത്തയും കമ്മിറ്റി നിശ്ചയിക്കും. അധ്യാപകർ, അനധ്യാപകർ, ജീവനക്കാർ എന്നിവരെ പ്രത്യേകം വിഭാഗമായി തിരിച്ചാകും ശമ്പളം നിശ്ചയിക്കുക. മാനേജ്‌മെന്റിനും ജീവനക്കാർക്കും കമ്മിറ്റി മുമ്പാകെ നിർദേശങ്ങൾ സമർപ്പിക്കാൻ 60 ദിവസം നൽകും. ശമ്പളം വിജ്ഞാപനം ചെയ്താൽ മൂന്ന് മാസത്തിനകം നടപ്പാക്കണം.

ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നൽകണം. ജോലി സമയവും കമ്മിറ്റി നിശ്ചയിക്കും. അധിക ജോലി ചെയ്യിച്ചാൽ അധിക വേതനം നൽകണം. ആഴ്ചയിൽ ഒരു ദിവസം അവധി. ഓരോ ജീവനക്കാരന്റെയും ശമ്പളത്തിന്റെ രസീതടക്കമുള്ള രേഖകൾ സ്കൂളിലുണ്ടാകണം. ഇവ പരിശോധിക്കാൻ സർക്കാർ ഇൻസ്പെക്ടർമാരെ നിയോഗിക്കും. അവരാവശ്യപ്പെടുമ്പോൾ രേഖകൾ നൽകാൻ മാനേജ്‌മെന്റ് ബാധ്യസ്ഥമാണ്.

ശമ്പളം ലഭിക്കാത്തതിലെ പരാതികൾ കേൾക്കാൻ സർക്കാർ വഴിയൊരുക്കുമെന്ന് ബിൽ പറയുന്നു. ആറ് മാസത്തിനുള്ളിൽ പരാതി നൽകണം. അല്ലെങ്കിൽ പരാതി വൈകിയതിന് മതിയായ കാരണം വേണം. സർക്കാർ നിശ്ചയിക്കുന്ന ശമ്പളത്തെക്കാൾ കുറവ് തുകയാണ് നൽകുന്നതെങ്കിൽ വ്യത്യാസമുള്ള തുകയുടെ പത്തിരട്ടി നഷ്ടപരിഹാരമായി ഈടാക്കാം. ഈ തുക നൽകിയില്ലെങ്കിൽ ഭൂവിനത്തിലുള്ള കുടിശ്ശികയായി കണക്കാക്കി ഈടാക്കാൻ കലക്ടർമാരെ അധികാരപ്പെടുത്തുന്ന വ്യവസ്ഥ ബില്ലിലുണ്ട്. കൂടാതെ 25,000 രൂപ വരെ സർക്കാരിലേക്കും പിഴയടയ്ക്കണം.

മാനേജ്‌മെന്റിനോടുള്ള വിദ്വേഷത്തിന്റെ ഫലമായി ജീവനക്കാരൻ വ്യാജ പരാതി നൽകിയതാണെങ്കിൽ 10,000 രൂപ അയാളിൽ നിന്ന് ഇടാക്കും. സർക്കാർ നിശ്ചയിക്കുന്ന സ്കെയിലിനെക്കാൾ കുറഞ്ഞ നിരക്കിൽ ജോലി ചെയ്യാമെന്ന് ജീവനക്കാരനുമായി മാനേജ്‌മെന്റ് കരാറിലേർപ്പെട്ടാൽ കരാർ നിലനിൽക്കില്ല. എന്നാൽ, കൂടുതൽ ശമ്പളം നൽകാൻ തടസമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com