മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിക്ക് ജാമ്യം: പുറത്തിറങ്ങാനാകില്ല

പ്രോസിക്യൂഷന്റെ അപേക്ഷയെത്തുടര്‍ന്ന് നാലാഴ്ചത്തേക്ക് ഹൈക്കോടതി സ്വന്തം ഉത്തരവ് സ്റ്റേ ചെയ്തു. ഈ കാലയളവില്‍ പ്രോസിക്യൂഷന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാം.
മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിക്ക് ജാമ്യം: പുറത്തിറങ്ങാനാകില്ല

മുംബൈ: കഴിഞ്ഞ മൂന്ന് വര്‍ഷമായി പുണെ യേര്‍വാഡ ജയിലില്‍ കഴിയുന്ന മുരളി കണ്ണമ്പിള്ളിക്ക് (അജിത്ത്- 65) ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 100000 രൂപയുടെ ആള്‍ജാമ്യവും കൂടാതെ എല്ലാമാസവും ഒന്നാം തീയതിയും പതിനാറാം തീയതി പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നിവയാണ്  ഉപാധികള്‍.  

എന്നാല്‍ പ്രോസിക്യൂഷന്റെ അപേക്ഷയെത്തുടര്‍ന്ന് നാലാഴ്ചത്തേക്ക് ഹൈക്കോടതി സ്വന്തം ഉത്തരവ് സ്റ്റേ ചെയ്തു. ഈ കാലയളവില്‍ പ്രോസിക്യൂഷന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാം. അതില്‍ തീര്‍പ്പാകും വരെ മുരളിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞേക്കില്ല. 

ചികിത്സയടക്കം നിഷേധിച്ച് മുരളി കണ്ണമ്പള്ളിയെ വിചാരണ തടവിലിടുന്നതിനെതിരെ നോംചോംസ്‌കി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 2015 മെയ് 9 നാണ് കൂട്ടാളി മലപ്പുറം പാണ്ടിക്കാട് സ്വദേശി ഇസ്മായില്‍ ഹംസയ്‌ക്കൊപ്പം മഹാരാഷ്ട്ര പൊലീസ് മുരളി കണ്ണമ്പിള്ളിയെ അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയായിരുന്നു അറസ്റ്റ്.

ഏറണാകുളം ഇരമ്പനം സ്വദേശിയായ മുരളി കണ്ണമ്പിള്ളി അടിയന്തരാവസ്ഥക്കാലത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജനൊപ്പം കോഴിക്കോട് റീജനല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിയായിരുന്നു. 1970 മുതല്‍ സിപിഐഎംഎല്‍ പ്രസ്ഥാനത്തിന്റെ നേതൃ നിരയില്‍ ഉണ്ടായിരുന്നു. മുരളി പഠനം പൂര്‍ത്തിയാക്കാതെ നാടുവിട്ട് 40 വര്‍ഷം ഒളിവില്‍ കഴിഞ്ഞു. അതിനിടെ നക്‌സലൈറ്റ് പ്രവര്‍ത്തനത്തില്‍ സജീവമായി.  

1976ലെ കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമണ കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നു ആരോപണമുണ്ടായിരുന്നു. എറണാകുളത്തെ കണ്ണമ്പിള്ളി കുടുംബാംഗമായ മുരളിയുടെ പിതാവ് കരുണാകരമേനോന്‍ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണറായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com