സര്‍ക്കാര്‍ ചെലവില്‍ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്ക് കടിഞ്ഞാണ്‍: വര്‍ഷം നാലെണ്ണമാക്കി ചുരുക്കി 

സര്‍ക്കാര്‍ ചെലവില്‍ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്ക് കടിഞ്ഞാണ്‍: വര്‍ഷം നാലെണ്ണമാക്കി ചുരുക്കി 

മന്ത്രിമാര്‍ക്കൊപ്പം പേഴ്‌സണല്‍ സ്റ്റാഫിലെ ഒരാള്‍ക്കും മുഖ്യമന്ത്രിക്കൊപ്പം പേഴ്‌സണല്‍ സ്റ്റാഫിനും സുരക്ഷാ ജീവനക്കാരനും യാത്ര ചെയ്യാം. 

തിരുവനന്തപുരം: സര്‍ക്കാര്‍ ചെലവില്‍ ഉദ്യോഗസ്ഥര്‍ക്ക് നടത്താവുന്ന വിദേശയാത്ര വര്‍ഷത്തില്‍ നാലെണ്ണമാക്കി ചുരുക്കാന്‍ തീരുമാനം. മന്ത്രിമാര്‍ക്കൊപ്പം പേഴ്‌സണല്‍ സ്റ്റാഫിലെ ഒരാള്‍ക്കും മുഖ്യമന്ത്രിക്കൊപ്പം പേഴ്‌സണല്‍ സ്റ്റാഫിനും സുരക്ഷാ ജീവനക്കാരനും യാത്ര ചെയ്യാം. 

യാത്രാസമയം കൂടാതെ ആകെ 20 ദിവസത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ വിദേശത്ത് തങ്ങാന്‍ പാടില്ലെന്നും ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് വ്യവസ്ഥ. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് ഉദ്യോഗസഥരുടെ വിദേശ യാത്രകള്‍ക്കടക്കം പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 

നിലവിലെ 13 ഉത്തരവുകളില്‍ മാറ്റംവരുത്തിയാണ് പുതിയ നിര്‍ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്. നിലവില്‍ ഇത്തരം കാര്യങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം ഉണ്ടായിരുന്നില്ല. പുതിയ ഭേതഗതി പ്രകാരം അത്യവശ്യഘട്ടത്തിലായിരിക്കണം ഉദ്യോഗസ്ഥരുടെ വിദേശയാത്ര എന്നാണ് വ്യവസ്ഥ.

ഇതര സംസ്ഥാനങ്ങളിലേക്കും സംസ്ഥാനത്തിനുള്ളിലും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിമാനയാത്രക്ക് അനുമതി ഉണ്ടാകും. അനിവാര്യഘട്ടത്തില്‍ മാത്രമാണ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിദേശയാത്രക്ക് നിര്‍ദേശിക്കേണ്ടത്. വിദേശത്ത് തുല്യ പദവിയിലുള്ളവരുമായിവേണം കൂടിക്കാഴ്ച നടത്താന്‍. 

സെക്രട്ടേറിയറ്റ്, വകുപ്പുകള്‍, പൊതുമേഖലഗ്രാന്റ് ഇന്‍ എയിഡ് സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ ഓഫിസര്‍മാര്‍ വിദേശ യാത്രാനുമതിക്ക് വകുപ്പ് സെക്രട്ടറി വഴി മന്ത്രിക്ക് നിര്‍ദേശം സമര്‍പ്പിക്കണം. വകുപ്പ് മന്ത്രി, ധനകാര്യ സെക്രട്ടറി, ചീഫ് സെക്രട്ടറി, ധനമന്ത്രി, മുഖ്യമന്ത്രി എന്ന റൂട്ടിലാണ് ഇവ നീങ്ങേണ്ടത്. യാത്രയുടെ മുഴുവന്‍ വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണം. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എത്ര വിദേശയാത്ര നടത്തി, ഒരുവര്‍ഷത്തിനിടെ നടത്തിയ വിദേശയാത്രയുടെ ടൂര്‍ റിപ്പോര്‍ട്ട് തുടങ്ങിയവ പരിശോധിച്ചാകും അനുമതി. യാത്രക്ക് നാലാഴ്ച മുമ്പ് നിര്‍ദേശം സമര്‍പ്പിക്കണം. ഔദ്യോഗികയാത്ര കഴിഞ്ഞെത്തുന്ന ഉദ്യോഗസ്ഥര്‍ വിശദ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കണം. യാത്രക്കിടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍, വ്യക്തികളും ഉദ്യോഗസ്ഥരും അടക്കം നടത്തിയ ആശയവിനിമയങ്ങള്‍, യാത്ര ലക്ഷ്യത്തിനായി നടത്തിയ ശ്രമങ്ങള്‍ എന്നിവ വിശദീകരിക്കണം. സെക്രട്ടറിമാര്‍ ചീഫ് സെക്രട്ടറി വഴി മന്ത്രിക്കാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

സര്‍ക്കാറിനോ അനുബന്ധന സ്ഥാപനങ്ങള്‍ക്കോ സാമ്പത്തിക ബാധ്യതയില്ലാത്ത വിദേശയാത്ര നിര്‍ദേശങ്ങള്‍ ധനവകുപ്പിലേക്ക് വിടേണ്ടതില്ല. ഭരണവകുപ്പ് സെക്രട്ടറി വഴി ഫയല്‍ ചീഫ് സെക്രട്ടറിക്കും മന്ത്രിക്കും അനുമതിക്കായി നല്‍കണം. സംസ്ഥാനത്തിനോ സര്‍വകലാശാലക്കോ സാമ്പത്തിക ബാധ്യതയില്ലെങ്കില്‍ കോളജ്, സര്‍വകലാശാല ഫാക്കല്‍റ്റികള്‍ വിദേശ കോണ്‍ഫറന്‍സുകളിലും സെമിനാറുകളിലും പോകുന്നതിന് സര്‍ക്കാര്‍ അനുമതിവേണ്ട. വൈസ് ചാന്‍സലര്‍, കോളജ്‌സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് അനുമതിനല്‍കാം. ആവശ്യമായ അനുമതി കേന്ദ്രത്തില്‍നിന്ന് വാങ്ങണം. ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിയെയും അറിയിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com