ഇരട്ടക്കൊല : പുറത്തുനിന്നുള്ള രണ്ട് സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് മൊഴി ; വസ്ത്രങ്ങൾ കത്തിച്ചത് അഭിഭാഷകന്റെ നിർദേശപ്രകാരം
By സമകാലികമലയാളം ഡെസ്ക് | Published: 27th February 2019 07:24 AM |
Last Updated: 27th February 2019 08:41 AM | A+A A- |

കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുനിന്നുള്ള രണ്ട് സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് മൊഴി. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിനു മുമ്പ് ലോക്കൽ പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് മുഖ്യപ്രതി പീതാംബരൻ പുറത്തു നിന്നുള്ള സിപിഎം നേതാക്കളുടെ പങ്ക് വെളിപ്പെടുത്തിയത്.
ഇതോടെ കൊലപാതകത്തെ പ്രാദേശികമായ തർക്കമായി ചുരുക്കാൻ ശ്രമിച്ച സിപിഎം കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. കൊലപാതകം നടത്തുന്നതിന് സംഘം യാത്ര പുറപ്പെട്ടത് കാഞ്ഞങ്ങാടിനടുത്ത ഒടയംചാലിൽനിന്നാണെന്ന് പ്രതികൾ മൊഴി നൽകി. കല്യോട്ടെ പാർട്ടിപ്രവർത്തകന്റെ വീട്ടിലെത്തി വസ്ത്രം മാറി. തുടർന്ന് കൊല നടത്തിയശേഷം പ്രതികൾ സഞ്ചരിച്ച കെ.എൽ 14 6869 സൈലോ വാഹനം വെളുത്തോളിയിൽ ഉപേക്ഷിച്ചു.
സ്ഥലത്തെ പ്രാദേശിക നേതാവിന്റെ വീട്ടിലെത്തി കുളിച്ച് വസ്ത്രം മാറിയ സംഘം ഏരിയ നേതാവിനെ വിളിച്ച് വിവരം പറഞ്ഞു. അദ്ദേഹം അഭിഭാഷകനെ വിളിച്ച് നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണ് വസ്ത്രങ്ങൾ കത്തിച്ചത്. തുടർന്ന് ചട്ടഞ്ചാൽ ഏരിയ കമ്മിറ്റി ഓഫീസിൽ താമസിച്ചുവെന്നും പ്രതികൾ മൊഴി നൽകി. ഇരട്ട ക്കൊലപാതകത്തിൽ പീതാംബരൻ, കല്യോട്ട് ബ്രാഞ്ച് കമ്മിറ്റിയംഗം സജി സി ജോർജ് എന്നിവരടക്കം ഏഴുപേരാണ് അറസ്റ്റിലായത്.
അതേസമയം, കൊലപാതകവുമായി ബന്ധമുള്ള 12 സിപിഎം പ്രവർത്തകരുടെ പേരുകൾ കൊല്ലപ്പെട്ട ശരത്ലാലിന്റെ പിതാവ് സത്യനാരായണനും കൃപേഷിന്റെ പിതാവ് കൃഷ്ണനും ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി. ക്രൈംബ്രാഞ്ച് സംഘം ഇരുവരുടെയും വീടുകളിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇവർക്ക് കൊല്ലപ്പെട്ട ശരതിനോടും കൃപേഷിനോടും മുൻവൈരാഗ്യമുണ്ടെന്നും ഇരുവരും ക്രൈംബ്രാഞ്ച് എസ് പി വി.എം. റഫീഖിന് നൽകിയ മൊഴിയിൽ പറഞ്ഞു.