വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് അധികൃതര്‍ 

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ കര്‍ണാടക ബൈരക്കുപ്പ് സ്വദേശിക്ക് കുരങ്ങു പനി സ്ഥിരീകരിച്ചു
വയനാട്ടില്‍ ഒരാള്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് അധികൃതര്‍ 

വയനാട് : മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയ കര്‍ണാടക ബൈരക്കുപ്പ് സ്വദേശിക്ക് കുരങ്ങു പനി സ്ഥിരീകരിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. വയനാട് ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

വയനാടിന്റെ അതിര്‍ത്തിപ്രദേശമായ ബൈരക്കുപ്പ സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസമാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി എത്തിയത്.കുരങ്ങു പനിയുടെ ലക്ഷണങ്ങളുള്ളതിനാല്‍ സാമ്പിള്‍ മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ ബൈരക്കുപ്പയിലും വയനാട്ടിലുമായി കുരങ്ങു പനി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

തിരുനെല്ലി അപ്പപ്പാറ ഫാമിലി ഹെല്‍ത്ത് സെന്ററിന് കീഴില്‍ വരുന്ന പ്രദേശത്തെ 36 വയസ്സുള്ള യുവാവിനാണ് ആദ്യം കുരങ്ങുപനി സ്ഥിരീകരിച്ചത്. പിന്നീട് ബാവലി സ്വദേശിക്കും രോഗം കണ്ടെത്തി. ജനുവരി മാസമായിരുന്നു രണ്ട് കേസുകളും. രോഗബാധ തടയുന്നതിനായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ശക്തമായ മുന്‍കരുതലുകള്‍ നടപടികളാണ്  സ്വീകരിച്ചത്. 

വനവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലും രോഗം ബാധിച്ച ഇടങ്ങളിലും ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കുരങ്ങു പനിക്ക് കാരണമാകുന്ന വൈറസ് ചെറിയ സസ്തനികള്‍, കുരങ്ങുകള്‍, ചിലയിനം പക്ഷികള്‍ എന്നിവയിലാണ് കാണപ്പെടുന്നത്. ഇത്തരം ജീവികളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴിയാണ് വൈറസ് മനുഷ്യനിലെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com