''പ്രബുദ്ധരായ എഴുത്തുകാരെ തെറി  പറഞ്ഞ് ഓടിക്കാനാവില്ല''

''പ്രബുദ്ധരായ എഴുത്തുകാരെ തെറി  പറഞ്ഞ് ഓടിക്കാനാവില്ല''
''പ്രബുദ്ധരായ എഴുത്തുകാരെ തെറി  പറഞ്ഞ് ഓടിക്കാനാവില്ല''

കണ്ണൂര്‍: പ്രബുദ്ധരായ എഴുത്തുകാരെ തെറി പറഞ്ഞ് ഓടിക്കാനാവില്ലെന്ന് എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന നവോത്ഥാന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

സത്യാനന്തര കാലത്ത് പച്ചത്തെറി പറഞ്ഞ് ആരെയും നിശ്ശബ്ദരാക്കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. ഒരു ഹിംസയേയും എഴുത്തുകാരന്‍ ന്യായീകരിച്ചിട്ടില്ല. അവസാനത്തെ മനുഷ്യ പക്ഷ കലാകാരനും മരിച്ചു വീഴും വരെ പോരാടും. 

നവോഥാനത്തിന്റെ നേര്‍ എതിരാണ് പുനരുഥാനം. നവോഥാനം പിന്നോട്ടടിച്ചിടത്തേക്കാണ് പുനരുഥാനം കടന്നു വന്നത്. കേരളത്തില്‍ അടിത്തട്ടില്‍ നിന്നാണ് നവോഥാനം ഉയര്‍ന്നു വന്നത്. പുതിയ നൂറ്റാണ്ടിലെ നവോഥാനം സ്ത്രീയാണ് തുടങ്ങിയത്. മേല്‍വസ്ത്രം ധരിക്കാന്‍ അവകാശമില്ലാത്ത ചാന്നാര്‍ സ്ത്രീകളാണ് ചാന്നാര്‍ ലഹള നടത്തിയത്. ഒരു കല്ലെടുത്ത് വെച്ച് നടത്തിയ പ്രതിഷ്ഠയിലൂടെ ഇന്ത്യന്‍ അദ്വൈതത്തെ കല്ലില്‍ വെച്ച് ഉറപ്പിക്കുകയാണ് ശ്രീനാരായണ ഗുരു ചെയ്തത്. ഇന്ത്യന്‍ ആത്മീയത സമദര്‍ശനത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. അടിമവത്കരിക്കപ്പെട്ട ആധുനിക സ്ത്രീകളെ അഭിസംബോധന ചെയ്യാതെ നമുക്ക് മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നവോഥാന മുന്നേറ്റങ്ങളില്‍ ഒരു പടി കൂടി ചവിട്ടാന്‍ തീരുമാനിച്ച സര്‍ക്കാറാണ് ഇതെന്ന് അവര്‍ പറഞ്ഞു. ജാതിക്കും മതത്തിനും അപ്പുറത്ത് നാം മനുഷ്യരാണെന്ന് നവോഥാനം ഓര്‍മ്മിപ്പിച്ചു. നവോഥാനം എന്ന വാക്കു പോലും ഇന്ന് ചിലരെ അസ്വസ്ഥരാക്കുന്നു. കേരളം നടന്നു വന്ന വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഋതുമതി എന്ന നാടകം കളിച്ച മണ്ണിലാണ് ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കാത്തതെന്ന് അവര്‍ പറഞ്ഞു.

യാഥാസ്ഥിതികത്വം എന്നാല്‍ മരണമാണെന്ന് പറഞ്ഞത് എന്‍.എസ്.എസ് സ്ഥാപകന്‍ മന്നത്തു പത്മനാഭന്‍ ആയിരുന്നുവെന്ന് അധ്യക്ഷന്‍ കരിവെള്ളൂര്‍ മുരളി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബൈജു എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പനും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടും അരങ്ങേറി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com