സ്ത്രീയ ഉപദ്രവിച്ച കേസിലെ പ്രതി സിപിഐ ഓഫീസില്‍ ഒളിച്ചു; പിടികൂടാനെത്തിയ പൊലീസിനെ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു, ഉന്നത ഇടപെടലെന്ന് ആരോപണം

സ്ത്രീയെ ഉപദ്രവിച്ചെന്ന പരാതിയില്‍ പൊലീസ് തിരയുന്ന പ്രതി സിപിഐ ചേര്‍ത്തല മണ്ഡലം കമ്മിറ്റി ഓഫിസില്‍ ഒളിച്ചിരിക്കുന്നെന്നറിഞ്ഞ് പൊലീസ് സംഘം ഓഫിസ് വളഞ്ഞു
സ്ത്രീയ ഉപദ്രവിച്ച കേസിലെ പ്രതി സിപിഐ ഓഫീസില്‍ ഒളിച്ചു; പിടികൂടാനെത്തിയ പൊലീസിനെ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു, ഉന്നത ഇടപെടലെന്ന് ആരോപണം


ചേര്‍ത്തല: സ്ത്രീയെ ഉപദ്രവിച്ചെന്ന പരാതിയില്‍ പൊലീസ് തിരയുന്ന പ്രതി സിപിഐ ചേര്‍ത്തല മണ്ഡലം കമ്മിറ്റി ഓഫിസില്‍ ഒളിച്ചിരിക്കുന്നെന്നറിഞ്ഞ് പൊലീസ് സംഘം ഓഫിസ് വളഞ്ഞു. പക്ഷേ ഉന്നത ഇടപെടലിനെ തുടര്‍ന്ന് ഓഫിസ് പരിശോധിക്കാതെ പൊലീസിന് മടങ്ങേണ്ടിവന്നു പ്രതിയെ പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കാമെന്ന് പാര്‍ട്ടിയിലെ ഉന്നതന്‍ പൊലീസിന് ഉറപ്പു നല്‍കിയിരുന്നതായി സൂചനയുണ്ട്. പാര്‍ട്ടി ഓഫിസില്‍ ആരെയും ഒളിപ്പിച്ചിട്ടില്ലെന്നും പൊലീസ് നടപടി ശരിയായില്ലെന്നുമാണ് സിപിഐ നേതൃത്വത്തിന്റെ വിശദീകരണം.

ചൊവ്വ രാത്രിയാണ് സംഭവം. അഴീക്കല്‍ സ്വദേശിനിയുടെ പരാതിയില്‍ സിപിഐ അനുഭാവി ഇഗ്‌നേഷ്യസിന് (ഷൈജു) എതിരെ പട്ടണക്കാട് പൊലീസ് കേസെടുത്തിരുന്നു. ഇയാള്‍ സിപിഐ ചേര്‍ത്തല മണ്ഡലം കമ്മിറ്റി ഓഫിസിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചു പിടികൂടാന്‍ എസ്‌ഐ എസ്.അസീമിന്റെ നേൃത്വത്തില്‍ 9 പൊലീസുകാര്‍ പാര്‍ട്ടി ഓഫിസ് വളഞ്ഞു. ഇതറിഞ്ഞു പാര്‍ട്ടി പ്രവര്‍ത്തകരും എത്തി.

ആരെയും ഒളിപ്പിച്ചിട്ടില്ലെന്നും പൊലീസ് കയറാന്‍ അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതോടെ തര്‍ക്കവും ബഹളവും ഭീഷണിയും വെല്ലുവിളികളുമായി. പൊലീസിലെയും പാര്‍ട്ടിയിലെയും ഉന്നതര്‍ ഇടപ്പെട്ടതോടെ ഓഫിസില്‍ കയറി പരിശോധിക്കാതെ പൊലീസ് പിന്തിരിഞ്ഞു. പ്രതിയെ ഇന്നലെ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കാമെന്നു പാര്‍ട്ടിയിലെ ഉന്നതന്‍ പൊലീസിന് ഉറപ്പു നല്‍കിയെന്നാണു വിവരം. എന്നാല്‍, ഇന്നലെ അതുണ്ടായില്ല. അതേസമയം, ഇന്നലെ കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതി അവിടെ മഫ്തിയില്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

പാര്‍ട്ടി ആരെയും സംരക്ഷിക്കാന്‍ നോക്കിയില്ലെന്നും പട്ടണക്കാട് പൊലീസ് വൈരാഗ്യത്തോടെയുള്ള നീക്കങ്ങളാണു നടത്തിയതെന്നും സിപിഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറി എം.സി.സിദ്ധാര്‍ഥന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com