'കാഴ്ച കാണാനല്ല, ലോകചരിത്രത്തിലെ കണ്ണിയാവാന്‍... '; വനിതാമതിലില്‍ അണി ചേരാന്‍ കശ്മീരിലെ മഞ്ഞുതാഴ് വരയില്‍ നിന്നും  കവിയും കുടുംബവും 

ജമ്മുകശ്മീരിലെ പ്രശസ്ത കവി സ്വാമി അന്തര്‍ നിരവ്, ഭാര്യ ബിമലേഷ് കൗര്‍, മകള്‍ നിഹാരിക എന്നിവരാണ് വനിതാമതിലില്‍ അണിചേരാന്‍ എത്തിയത്
'കാഴ്ച കാണാനല്ല, ലോകചരിത്രത്തിലെ കണ്ണിയാവാന്‍... '; വനിതാമതിലില്‍ അണി ചേരാന്‍ കശ്മീരിലെ മഞ്ഞുതാഴ് വരയില്‍ നിന്നും  കവിയും കുടുംബവും 


തൃശൂര്‍ : സ്ത്രീസമത്വത്തിന് കരുത്തേകുക ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വനിതാമതിലില്‍ അണിചേരാന്‍ ഇന്ത്യയുടെ വടക്കേ അറ്റമായ കശ്മീരില്‍ നിന്നും ഒരു കുടുംബം. ജമ്മുകശ്മീരിലെ പ്രശസ്ത കവി സ്വാമി അന്തര്‍ നിരവ്, ഭാര്യ ബിമലേഷ് കൗര്‍, മകള്‍ നിഹാരിക എന്നിവരാണ് കേരളത്തിലെത്തിയത്. സ്ത്രീപുരുഷ സമത്വത്തിനായുള്ള കേരളത്തിലെ വനിതാമതില്‍ ലോകത്തിന് മാതൃകയാണെന്ന് കവി സ്വാമി അന്തര്‍ നിരവ് പറഞ്ഞു.

'യുദ്ധഭീകരതയില്‍ കശ്മീര്‍ താഴ്വരകള്‍ ചോരത്തുള്ളികളാല്‍ ചുവപ്പുനിറമാവുമ്പോള്‍ ഏറ്റവും ദുരിതംപേറുന്നത് സ്ത്രീകളാണ്. സാമൂഹ്യപീഡനങ്ങളും ഏറെ. ലോകമാകെയുള്ള സ്ത്രീസമൂഹത്തിന്റെ മുന്നേറ്റത്തിന് വനിതാമതില്‍ കരുത്തുപകരും. ഈ തിരിച്ചറിവാണ് കേരളത്തിലെത്തിച്ചത്'. 

യുദ്ധമായാലും ഭീകരാക്രമണമായാലും സ്ത്രീകളാണ് ദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. വനിതകളെ ശക്തിപ്പെടുത്താനുള്ള മതിലെന്ന ആശയം അഭിനന്ദനാര്‍ഹമാണ്. ഞാനും കുടുംബവും ഇതില്‍ കണ്ണികളാവും. ജമ്മുകശ്മീരിലുള്‍പ്പെടെ വിദ്വേഷത്തിന്റെ കനലുകള്‍ പടര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകളും അവഗണനയും അതിജീവിക്കുന്ന കേരള മാതൃക പ്രശംസനീയമാണെന്ന് അന്തര്‍ നിരവ് അഭിപ്രായപ്പെട്ടു. 

ഹിന്ദി, പഞ്ചാബി, മലകളുടെ ഭാഷയായ പഹാഡി എന്നിവയിലുള്ള, സ്വാമി അന്തര്‍ നിരവിന്റെ കവിതകള്‍ ഏറെ ശ്രദ്ധേയമാണ്. സ്വാതന്ത്ര്യം, സ്‌നേഹം എന്നിവയിലൂന്നിയുള്ള  കവിതകള്‍ വന്‍പ്രചാരംനേടി. ബിമലേഷ് കൗര്‍ സാമൂഹ്യപ്രവര്‍ത്തകയാണ്. നിഹാരിക പഞ്ചാബി സര്‍വകലാശാലയില്‍ എംഫില്‍ വിദ്യാര്‍ഥിനിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com