കേരളത്തിലെ പോപ്പെന്ന് എന്‍എസ്എസ്സിന്റെ വിചാരം, മതിലില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നവരെ ചരിത്രം കാര്‍ക്കിച്ച് തുപ്പുമെന്ന് വെള്ളാപ്പള്ളി നടേശന്‍ 

എന്‍എസ്എസ്സുകാര്‍ പൊങ്ങച്ചക്കാരാണെന്നും അഹങ്കാരത്തിന് കൈയ്യും കാലും വച്ച് നടക്കുകയാണ് അവരെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിലെ പോപ്പെന്ന് എന്‍എസ്എസ്സിന്റെ വിചാരം, മതിലില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നവരെ ചരിത്രം കാര്‍ക്കിച്ച് തുപ്പുമെന്ന് വെള്ളാപ്പള്ളി നടേശന്‍ 

കൊച്ചി: വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ്എസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കാലം മാറിയത് എന്‍എസ്എസ് തിരിച്ചറിഞ്ഞിട്ടില്ലെന്നും കേരളത്തിലെ പോപ് ആണെന്നാണ് എന്‍എസ്എസിന്റെ ധാരണയെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ്സുകാര്‍ പൊങ്ങച്ചക്കാരാണെന്നും അഹങ്കാരത്തിന് കൈയ്യും കാലും വച്ച് നടക്കുകയാണ് അവരെന്നും അദ്ദേഹം പറഞ്ഞു. മതിലില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നവരെ ചരിത്രം കാര്‍ക്കിച്ച് തുപ്പുമെന്നും വനിതാ മതിലില്‍ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുക്കുമെന്നും വെളളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വനിതാമതിലിനെതിരെ ഉയരുന്ന വര്‍ഗ്ഗീയ മതിലെന്ന ആരോപണം മറ്റ് മതവിഭാഗക്കാരെ പ്രീണിപ്പിച്ച് കൂടെ നിര്‍ത്താനുള്ള രാഷ്ട്രീയ അടവാണെന്നും അദ്ദേഹം ആരോപിച്ചു. നവോത്ഥാനത്തിന് വേണ്ടി ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ച മഹത് വ്യക്തികള്‍ പ്രതിനിത്ഥാനം ചെയ്ത പ്രസ്ഥാനങ്ങളെ വനിതാ മതിലില്‍ ഒപ്പം കൂട്ടിയതിനെ വിമര്‍ശിക്കുകയല്ല മറിച്ച് അത് മനസ്സിലാക്കി ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. ശബരിമലസ്ത്രീപ്രവേശനമാണ് വനിതാ മതിലിന്റെ ലക്ഷ്യമെന്ന ആരോപണം വിവക്കേടാണെന്നും യുവതീപ്രവേശനം കൊണ്ട് സര്‍ക്കാരിന് എന്ത് ഗുണം ലഭിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. 

പിന്നോക്കകാര്‍ക്ക് ക്ഷേത്രങ്ങളില്‍ നേരിടേണ്ടിവരുന്ന അവഗണനയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'ശാന്തിനിയമനം വന്നിട്ടും പിന്നോക്കകാര്‍ക്ക് കഞ്ഞിപുരയില്‍ മാത്രമാണ് സ്ഥാനം. ശബരിമലയില്‍ ശാന്തിനിയമനത്തിന് മലയാളി ബ്രാഹ്മണര്‍ മാത്രമേ അപേക്ഷിക്കാവൂ എന്ന നിയമം ആര് കൊണ്ടുവന്നു. മകര ജ്യോതി കാണിച്ചിരുന്നത് ആദിവാസികളല്ലെ അത് എടുത്തുകളഞ്ഞത് ആരാണ്. അമ്പലങ്ങളെയെല്ലാം സ്വകാര്യസ്വത്തായി കണക്കാക്കി മുന്നോക്ക വിഭാഗക്കാര്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്', വെള്ളാപ്പള്ളി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com