കാണിക്കയിടുന്നതു നിര്‍ത്തണം, രണ്ടു വര്‍ഷം കൊണ്ട് ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്കു കിട്ടുമെന്ന് പിസി ജോര്‍ജ്‌

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാട് തുടര്‍ന്നാല്‍ 140 ല്‍ 10 സീറ്റ് പോലും സിപിഎമ്മിന് ലഭിക്കില്ല
കാണിക്കയിടുന്നതു നിര്‍ത്തണം, രണ്ടു വര്‍ഷം കൊണ്ട് ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്കു കിട്ടുമെന്ന് പിസി ജോര്‍ജ്‌

കൊച്ചി : ഹിന്ദുമത വിശ്വാസികള്‍ കാണിക്കയിടുന്നത് അവസാനിപ്പിച്ചാല്‍ രണ്ട് വര്‍ഷത്തിനകം ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് ലഭിക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. ക്ഷേത്ര നടത്തിപ്പിനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും സംസ്ഥാന ഖജനാവില്‍ നിന്നും പണം നല്‍കേണ്ട സാഹചര്യം ഉണ്ടായാല്‍ സര്‍ക്കാര്‍ വിശ്വാസികളുടെ വഴിയേ വരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എടയപ്പുറം ഭക്തജനസമിതി സംഘടിപ്പിച്ച ആചാരസംരക്ഷണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി സി ജോര്‍ജ്. 

കേരളത്തില്‍ ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങള്‍ക്കും ആരാധനാലയങ്ങളുണ്ട്. ഇവ ഭരിക്കുന്നത് ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ അല്ല. എന്നാല്‍ ക്ഷേത്രങ്ങള്‍ ഭരിക്കുന്നത് അവിശ്വാസികളായ സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണ്. ബോര്‍ഡ് പ്രസിഡന്റിന് തികഞ്ഞ വിശ്വാസമുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനായി എന്നതാണ് കുഴപ്പം. 

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാട് തുടര്‍ന്നാല്‍ 140 ല്‍ 10 സീറ്റ് പോലും സിപിഎമ്മിന് ലഭിക്കില്ല. വനിതമതില്‍ നിര്‍മ്മിക്കുന്നത് നവോത്ഥാന ലക്ഷ്യത്തിനാണെങ്കില്‍ എന്‍എസ്എസിനെയും ക്രൈസ്തവരെയും ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. 

നായരും ക്രിസ്ത്യനും മുസ്ലിമും ചേര്‍ന്നാല്‍ 54 ശതമാനമുണ്ട്. ഭൂരിപക്ഷം ജനതയെ ഒഴിവാക്കി നവോത്ഥാനമുണ്ടാക്കുന്നതിന്റെ പിന്നില്‍ ജാതി രാഷ്ട്രീയമാണ്. ഈഴവ സമുദായത്തില്‍ പിളര്‍പ്പുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. നാല് മുതിര്‍ന്ന ഐപിഎസുകാര്‍ നിലനില്‍ക്കെ ഡല്‍ഹിയില്‍ നിന്നും ഡിജിപിയെ ചുമന്ന് കൊണ്ടുവന്നത് എന്തിനെന്ന് ജനങ്ങള്‍ക്കറിയാം. താന്‍ പറയുന്നത് ശരിയല്ലെങ്കില്‍ പൊലീസ് തന്നെ അറസ്റ്ര് ചെയ്യട്ടെയെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com