വനിതാ മതില്‍ ഇന്ന്: കെ.കെ ശൈലജ ആദ്യകണ്ണി; ബൃന്ദാകാരാട്ട് അവസാനം

വിവിധ നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന വനിതാ മതില്‍ ഇന്ന്.
വനിതാ മതില്‍ ഇന്ന്: കെ.കെ ശൈലജ ആദ്യകണ്ണി; ബൃന്ദാകാരാട്ട് അവസാനം

കൊച്ചി: വിവിധ നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന വനിതാ മതില്‍ ഇന്ന്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ ദേശിയപാതയുടെ പടിഞ്ഞാറുവശത്താണ് മതില്‍ തീര്‍ക്കുന്നത്. വൈകുന്നേരം നാലുമണിമുതല്‍ നാലേകാല്‍ വരെയാണ് വനിതാ മതില്‍. മൂന്ന് മണിയോടെ നിശ്ചിതകേന്ദ്രങ്ങളില്‍ എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വനിതാമതിലിന് ശേഷം പ്രധാനകേന്ദ്രങ്ങളില്‍ യോഗവും നടക്കും. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരുമാണ് തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന യോഗത്തിന് നേതൃത്വം നല്‍കുന്നത്. അമ്പതുലക്ഷം വനിതകള്‍ മതില്‍ തീര്‍ക്കാന്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

വനിതാമതിലിനെതിരെ ഇതുവരെ ഉയര്‍ന്ന എല്ലാ അക്ഷേപങ്ങള്‍ക്കുമുള്ള മറുപടിയായിരിക്കും പരിപാടിയുടെ വിജയവും വനിതാമതിലിലെ സ്ത്രീപങ്കാളിത്തവുമെന്ന് നവോത്ഥാനമൂല്യ സംരക്ഷണസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും വനിതാമതിലില്‍ 178 സാമൂഹികസംഘടനകളുടെ പ്രാതിനിധ്യമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വനിതാമതിലിന്റെ മുഖ്യചുമതലയുടെ ഉത്തരവാദിത്തം നിര്‍വഹിക്കുക  സിപിഎമ്മും സിപിഐയും ചേര്‍ന്നായിരിക്കും. 

സ്ത്രീ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതു വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും വനിതാമതില്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം സംരക്ഷിക്കാനാണ് വനിതാമതില്‍. ആചാരങ്ങള്‍ പലതും മാറ്റിതന്നെയാണ് നവോത്ഥാന കേരളം മുന്നോട്ട് പോന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

നവോത്ഥാന സംരക്ഷണ സമിതിയിലെ 174 സംഘടനകള്‍ക്ക് പുറമെ കേരളത്തിലെ ഭൂരിപക്ഷം വരുന്ന രാഷ്ട്രീയ, സാമൂഹ്യ, മത, സമുദായ, സന്നദ്ധ സാംസ്‌കാരിക, മഹിളാ സംഘടനകളെല്ലാം വനിതാമതിലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും സമ്പൂര്‍ണ പിന്തുണ മതിലിനുണ്ട്.കാല്‍ ലക്ഷത്തോളം സ്‌ക്വാഡുകള്‍  70 ലക്ഷത്തിലധികം വീടുകളിലായി സന്ദേശമെത്തിച്ചു. ഏഴായിരത്തിലധികം പ്രചാരണജാഥകള്‍ നടന്നു. സിനിമാതാരങ്ങളും ഗായകരും കായിക താരങ്ങളുമടക്കം നിരവധി പ്രമുഖര്‍ പ്രചാരണരംഗത്തുണ്ടായിരുന്നു. ഇവരും മതിലില്‍ അണിചേരും. മതിലില്‍ കാസര്‍കോട്ട്  ആദ്യകണ്ണിയാവുന്നത് മന്ത്രി കെ കെ ശൈലജ. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാവും. കാലിക്കടവ്‌വരെ 44 കിലോമീറ്ററാണ് കാസര്‍കോട് ജില്ലയില്‍ മതില്‍ ഉയരുക. ഇവിടെ നടക്കുന്ന പൊതുസമ്മേളനത്തില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുക്കും. 

സി കെ ജാനു കുളപ്പുള്ളിയില്‍ പങ്കെടുക്കും. പി കൃഷ്ണപിള്ളയുടെ സഹോദരിയുടെ കൊച്ചുമകള്‍ ശ്രീലക്ഷ്മി ആലപ്പുഴയില്‍ മതിലില്‍ പങ്കാളിയാവും. വയലാറിന്റെ മകള്‍ ബി സിന്ധുവും മകള്‍ എസ് മീനാക്ഷിയും ചാലക്കുടിയില്‍ പങ്കെടുക്കും. വയലാറിന്റെ മറ്റൊരു ചെറുമകള്‍ രേവതി സി വര്‍മയും മതിലില്‍ അണിനിരക്കും. സുശീലാ ഗോപാലന്റെ സഹോദരിയും ചീരപ്പന്‍ചിറ കുടുംബാംഗവുമായ സരോജിനി മാരാരിക്കുളത്ത് അണിചേരും.  

കണ്ണൂരില്‍ കാലിക്കടവ് മുതല്‍ മാഹിവരെ 82 കിലോമീറ്ററാണ് മതില്‍. ഡോ. ആരിഫ കെ സി, സീതാദേവി കരിയാട്ട്, സുകന്യ എന്നിവര്‍ കണ്ണൂരില്‍ കണ്ണിയാവും. മന്ത്രിമാരായ ഇ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ കണ്ണൂരിലെ യോഗത്തില്‍ പങ്കെടുക്കും. 
കോഴിക്കോട് അഴിയൂര്‍മുതല്‍ വൈദ്യരങ്ങാടിവരെ 76 കിലോമീറ്ററില്‍ കെ അജിത, പി വത്സല, ദീദി ദാമോദരന്‍, കെ പി സുധീര, വി പി സുഹറ, ഖദീജ മുംതാസ്, വിജി പെണ്‍കൂട്ട് എന്നിവര്‍ അണിനിരക്കും. മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. 

മലപ്പുറത്ത് ഐക്കരപ്പടിമുതല്‍ പെരിന്തല്‍മണ്ണവരെ 55 കിലോമീറ്ററാണ് മതില്‍. നിലമ്പൂര്‍ ആയിഷ, പി കെ സൈനബ തുടങ്ങിയ പ്രമുഖര്‍ മതിലില്‍ പങ്കാളികളാകും. മന്ത്രി കെ ടി ജലീല്‍ യോഗത്തില്‍ പങ്കെടുക്കും. പാലക്കാട് ജില്ലയില്‍ ചെറുതുരുത്തിമുതല്‍ പുലാമന്തോള്‍വരെ 26 കിലോമീറ്ററാണ് മതില്‍. മന്ത്രിമാരായ എ കെ ബാലന്‍ കുളപ്പുള്ളിയിലും കെ കൃഷ്ണന്‍കുട്ടി പട്ടാമ്പിയിലും യോഗത്തില്‍ പങ്കെടുക്കും. ഒന്നേകാല്‍ ലക്ഷത്തോളം കുടുംബശ്രീ പ്രവര്‍ത്തകര്‍, ആയിരത്തിലധികം ആശാ വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, അയ്യായിരത്തിലധികം അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ അണിനിരക്കും. 

തൃശൂരില്‍ ചെറുതുരുത്തിമുതല്‍ പൊങ്ങംവരെ 73 കിലോമീറ്റര്‍ മതില്‍ നിരക്കും. കോര്‍പറേഷന്‍ ഓഫീസിനുമുന്നിലായിരിക്കും പ്രമുഖര്‍ ചേരുക. പുഷ്പവതി, ലളിത ലെനിന്‍, ട്രാന്‍സ്‌വിമന്‍ വിജയരാജമല്ലിക എന്നിവര്‍ തൃശൂരില്‍ മതിലിന്റെ ഭാഗമാവും. സംവിധായിക ശ്രുതി നമ്പൂതിരിക്കൊപ്പം 80 വയസ്സുള്ള മുത്തശ്ശിയും മതിലിന്റെ ഭാഗമാവും. മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, സി രവീന്ദ്രനാഥ് എന്നിവര്‍ യോഗങ്ങളില്‍ പങ്കെടുക്കും.

എറണാകുളം ജില്ലയില്‍ പൊങ്ങംമുതല്‍ അരൂര്‍വരെ 49 കിലോമീറ്ററില്‍ മതിലുയരും. ജില്ലാകേന്ദ്രമായ ഇടപ്പള്ളിയില്‍ ഡോ. എം ലീലാവതി, സിതാര കൃഷ്ണകുമാര്‍, രമ്യാ നമ്പീശന്‍, നീനാകുറുപ്പ്, സീനത്ത്, സജിത മഠത്തില്‍, മീര വേലായുധന്‍, തനൂജ ഭട്ടതിരി, പ്രൊഫ. മ്യൂസ് മേരി ജോര്‍ജ്, ലിഡ ജേക്കബ്, ഗായത്രി, ട്രാന്‍സ്‌വിമന്‍ ശീതള്‍ ശ്യാം തുടങ്ങിയവരും അങ്കമാലിയില്‍ വനിതാകമീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍,  കെ തുളസി എന്നിവരും അണിനിരക്കും. മന്ത്രി എ സി മൊയ്തീന്‍ എറണാകുളത്തും  മന്ത്രി എം എം മണി അങ്കമാലിയിലും യോഗത്തില്‍ പങ്കെടുക്കും. 

ആലപ്പുഴ ജില്ലയില്‍ അരൂര്‍മുതല്‍ ഓച്ചിറവരെ 97 കിലോമീറ്ററാണ് ഒരുക്കുന്നത്. മുന്‍ എംപി സി എസ് സുജാത, വിപ്ലവഗായിക പി കെ മേദിനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ബി അരുന്ധതി തുടങ്ങിയവര്‍ പങ്കെടുക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍ പാതിരപ്പള്ളിയില്‍ മതിലിന്റെ ഭാഗമാകും. ചേര്‍ത്തലയില്‍ മന്ത്രി പി തിലോത്തമനും ആലപ്പുഴയില്‍ കായംകുളത്ത് മന്ത്രിമാരായ ജി സുധാകരനും കെ രാജുവും യോഗത്തില്‍ പങ്കെടുക്കും. 

കൊല്ലം ജില്ലയില്‍ രാധാ കാക്കനാടന്‍, വിജയകുമാരി, ജയകുമാരി എന്നിവര്‍ അണിനിരക്കും. മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ യോഗത്തില്‍ സംബന്ധിക്കും. തിരുവനന്തപുരത്ത് ആനിരാജ, ബീനാപോള്‍, മലയാളം മിഷന്‍ അധ്യക്ഷ സുജ സൂസന്‍ ജോര്‍ജ്, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ, വിധു വിന്‍സെന്റ്, മാല പാര്‍വതി, ബോബി അലോഷ്യസ്, രാജശ്രീ വാര്യര്‍, ബോക്‌സിങ് ചാമ്പ്യന്‍ കെ സി ലേഖ എന്നിവരും അണിനിരക്കും. ജില്ലയില്‍ 44 കിലോമീറ്ററാണ് മതില്‍. 

തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നവോത്ഥാനമൂല്യ സംരക്ഷണസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള ഭാരവാഹികളും ഇവിടെ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com