എന്‍എസ്എസിന്റെ നവോത്ഥാന പാരമ്പര്യത്തെ അംഗീകരിക്കുന്നു; ദുഷ്ടശക്തികള്‍ക്കൊപ്പം പോകുന്നത് നിര്‍ഭാഗ്യകരം: വിഎസ്
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd January 2019 11:23 PM |
Last Updated: 02nd January 2019 11:23 PM | A+A A- |

തിരുവനന്തപുരം: സംഘപരിവാര്‍ ദുഷ്ടശക്തികള്‍ക്കൊപ്പം എന്‍എസ്എസ് പോകുന്നത് നിര്‍ഭാഗ്യകരമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. എന്‍എസ്എസ് പറയുന്ന നവോത്ഥാന പാരമ്പര്യത്തെ അംഗീകരിക്കുന്നു. എന്നാല്‍ ഹിന്ദുമഹാമണ്ഡലം മതനിരപേക്ഷ മൂല്യത്തെ ഉയര്‍ത്തിപ്പിടിച്ചിരുന്നില്ലെന്നും വിഎസ് പറഞ്ഞു. ബി. രാജീവന്‍ രചിച്ച 'പ്രളയാനന്തര മാനവികത ശബരിമലയുടെ പശ്ചാത്തലത്തില്‍' എന്ന പുസ്തകം ജെ.ദേവികയ്ക്ക് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച വിധിയെ ആര്‍എസ്എസ് ആദ്യം സ്വാഗതം ചെയ്തിരുന്നു. ഇപ്പോള്‍ വിധിയെ തള്ളിപ്പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ നഞ്ച് കലക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും വിഎസ് ആരോപിച്ചു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പോരാട്ടം തുടരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. യുവതികള്‍ കയറിയത് കൊണ്ട് കേസിന്റെ മെരിറ്റിനെ ബാധിക്കില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
യുവതികള്‍ പ്രവേശിച്ചതില്‍ നടയടച്ച് പരിഹാര കര്‍മ്മം നടത്തേണ്ടതാണ്. അങ്ങനെ നടത്തിയ തന്ത്രിക്കും പന്തളം കുടുംബത്തിനും നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മന്നം ജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.