ഹർത്താൽ; അതീവ ജാഗ്രത പുലർത്താൻ കലക്ടർമാർക്ക് നിർദ്ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd January 2019 11:18 PM |
Last Updated: 02nd January 2019 11:18 PM | A+A A- |
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു. ഡിജിപിയുടെയും ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിലായിരുന്നു യോഗം. ശബരിമല കർമസമിതി വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചർച്ച ചെയ്തു.
ഹർത്താലിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും അക്രമം അനുവദിക്കരുതെന്നും ചീഫ് സെക്രട്ടറി കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർത്താലിൽ അക്രമം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ജനജീവിതം സാധാരണ നിലയിലാണെന്ന് ഉറപ്പാക്കണം. എല്ലാ സോണൽ എഡിജിപിമാർക്കും റേഞ്ച് ഐജിമാർക്കും കർശന നടപടി സ്വീകരിക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.