എംപാനലുകാരെ പിരിച്ചുവിട്ടതിന് പിന്നാലെ ഷെഡ്യൂൾ പുനഃക്രമീകരണം; ലാഭമുണ്ടാക്കി കെഎസ്ആർടിസി, ദിവസം 56.63ലക്ഷം നേട്ടം 

ഡീസല്‍ ചെലവിലും ടയര്‍-സ്പെയര്‍പാര്‍ട്‌സ് ഇനത്തിലും ശമ്പളത്തിലും ഉണ്ടായ കുറവാണ് ലാഭത്തിൽ പ്രതിഫലിച്ചത്
എംപാനലുകാരെ പിരിച്ചുവിട്ടതിന് പിന്നാലെ ഷെഡ്യൂൾ പുനഃക്രമീകരണം; ലാഭമുണ്ടാക്കി കെഎസ്ആർടിസി, ദിവസം 56.63ലക്ഷം നേട്ടം 

തിരുവനന്തപുരം: എംപാനൽ ജീവനക്കാരുടെ പിരിച്ചുവിടലിനെത്തുടർന്ന് ഷെഡ്യൂൾ പുനഃക്രമീകരണത്തിലൂടെ കെഎസ്ആര്‍ടിസിക്ക് പ്രതിദിനം 56.63 ലക്ഷം രൂപ ലാഭമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഡീസല്‍ ചെലവിലും ടയര്‍-സ്പെയര്‍പാര്‍ട്‌സ് ഇനത്തിലും ശമ്പളത്തിലും ഉണ്ടായ കുറവാണ് ലാഭത്തിൽ പ്രതിഫലിച്ചത്. ഡീസല്‍ ചെലവില്‍ 37.61 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ശമ്പളത്തില്‍ 13.26 ലക്ഷം രൂപയുടെയും ടയര്‍-സ്പെയര്‍പാര്‍ട്‌സ് ഇനത്തില്‍ 5.76 ലക്ഷം രൂപയും കുറവുണ്ടായി. 

ഡിസംബര്‍ 31-ന് 2018-ലെ ഏറ്റവും ഉയര്‍ന്ന ദിവസവരുമാനമായ 7.95 കോടിരൂപ ലഭിച്ചു. പിരിച്ചുവിടലിനെത്തുടർന്ന് ജീവനക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് നിമിത്തം രണ്ടുലക്ഷം കിലോമീറ്റര്‍ സര്‍വീസ് കെഎസ്ആർടിസി കുറച്ചിരുന്നു.  661 ബസുകളുടെ സർവീസ് നിർത്തിവയ്ക്കുകയുമുണ്ടായി. സർവീസ് നിർത്തിവച്ചിട്ടും വരുമാനം നേടാനായത് ചിലവ് കുറഞ്ഞതുമൂലമാണെന്നാണ് വിലയിരുത്തൽ. 

ജീവനക്കാര്‍ക്ക് ഡ്യൂട്ടി തികയ്ക്കാന്‍വേണ്ടിയാണ് റദ്ദാക്കപ്പെട്ട ഷെഡ്യൂളികളില്‍ ഭൂരിഭാഗവും നടത്തിയിരുന്നതെന്നും ഇത് ഒഴിവാക്കിയതിലൂടെയും സ്ഥിരജീവനക്കാരുടെ അനാവശ്യമായ അവധികള്‍ ഒഴിവാക്കിയതുകൊണ്ടുമാണ് വരുമാനമുള്ള സർവീസുകൾ കൃത്യമായി നടത്തി ലാഭം നേടാൻ സാധിച്ചതെന്നാണ് വിലയിരുത്തൽ. ശബരിമല പ്രത്യേക സര്‍വീസുകള്‍ കാരണമാണ് വരുമാനം വര്‍ധനവെന്ന വാദം അധികൃതര്‍ നിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com