കൊല്ലത്ത് പൊലീസിന് നേരെ ആക്രമണം; എസ്ഐക്ക് ​ഗുരുതര പരുക്ക്

തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ എസ്ഐ അനൂപിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
കൊല്ലത്ത് പൊലീസിന് നേരെ ആക്രമണം; എസ്ഐക്ക് ​ഗുരുതര പരുക്ക്

കൊല്ലം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് മിക്കയിടത്തും വ്യാപക അക്രമങ്ങൾ. കൊല്ലം കൊട്ടിയത്ത് പൊലീസിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം അരങ്ങേറി. സിഐക്കും എസ്ഐക്കും എഎസ്ഐക്കും ഗുരുതരമായി പരുക്കേറ്റു. തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ എസ്ഐ അനൂപിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം ചങ്ങരംകുളത്ത് സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായി. കൊടുങ്ങല്ലൂരിൽ തുടങ്ങി പലയിടങ്ങളിലും മിന്നൽ ഹർത്താലുകൾ പ്രഖ്യാപിക്കപ്പെട്ടു. പലയിടത്തും ശബരിമല കർമസമിതി പ്രവർത്തകരും ബിജെപിക്കാരും ബലം പ്രയോഗിച്ച് കടകൾ അടപ്പിച്ചു. കെഎസ്ആർടിസി ഉൾപ്പടെയുള്ള ബസ് സർവീസുകൾക്ക് നേരെ അക്രമമുണ്ടായി. സർക്കാർ ഓഫീസുകൾ അടിച്ചു തകർത്തു. മിക്കയിടങ്ങളിലും റോഡ് ഉപരോധിച്ചു. കടകള്‍ നിര്‍ബന്ധമായി അടപ്പിച്ചു.

പത്തനംതിട്ടയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഹര്‍ത്താലിന് സമാനമായ അന്തരീക്ഷമായിരുന്നു. തിരുവല്ലയിലും ചെങ്ങന്നൂരിലും ജില്ലയുടെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പൊലീസ്  ലാത്തിച്ചാര്‍ജ് നടത്തി. തിരുവല്ലയിൽ എംസി റോഡ് ഉപരോധിച്ച കർമസമിതി പ്രവര്‍ത്തകര്‍ കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചു.  

മാവേലിക്കരയിൽ ബുദ്ധ ജങ്ഷനിലെ കട കർമസമിതി പ്രവർത്തകർ അടിച്ച് തകർത്തു. കടയുടമ പളനിയുടെ ഭാര്യ സുശീല, മകൻ  ജയപ്രകാശ് എന്നിവർക്ക് പരുക്കേറ്റു. ചെങ്ങന്നൂരിൽ എം.സി.റോഡ് ഉപരോധിക്കുകയും കടകൾ അടപ്പിക്കുകയും ചെയ്ത പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.  മല്ലപ്പള്ളിയിലും കടകൾ നിർബന്ധപൂർവ്വം അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു.  പത്തനംതിട്ട ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസില്‍ ബിജെപി കരിങ്കൊടി കെട്ടി റീത്ത് വച്ചു. ഹരിപ്പാടും കടകള്‍ ബലമായി അടപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com