കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയെന്ന് ബൃന്ദ കാരാട്ട് ; ആചാരമല്ല, ഭരണഘടനയാണ് വലുതെന്ന് തെളിയിച്ചെന്ന് സുഭാഷിണി അലി 

കേരള സര്‍ക്കാര്‍ ധീരമായ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതെന്ന് സിപിഎം പിബി അംഗം സുഭാഷിണി അലി
കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയെന്ന് ബൃന്ദ കാരാട്ട് ; ആചാരമല്ല, ഭരണഘടനയാണ് വലുതെന്ന് തെളിയിച്ചെന്ന് സുഭാഷിണി അലി 

ന്യൂഡല്‍ഹി : ശബരിമലയിലെ യുവതീപ്രവേശത്തിലൂടെ കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പ്രായഭേദമെന്യേ യുവതികള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താമെന്നാണ് സുപ്രിംകോടതി വിധിച്ചത്. ഇതാണ് യുവതികള്‍ പ്രാവര്‍ത്തികമാക്കിയത്. ഇതിന് സര്‍ക്കാര്‍ സുരക്ഷ ഒരുക്കുകയാണ് ചെയ്തത്. 

സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടോ അതിന് അനുവദിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. അതിന് സുരക്ഷ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പോകുന്നതിന് വിലക്കോ, നിയന്ത്രണമോ പാടില്ലെന്നാണ് കോടതി വിധിച്ചത്. വനിതാമതില്‍ തീര്‍ത്ത ഇന്നലെ ചരിത്ര ദിനമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. 

കേരള സര്‍ക്കാര്‍ ധീരമായ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതെന്ന് സിപിഎം പിബി അംഗം സുഭാഷിണി അലി പറഞ്ഞു. ഇക്കാര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. ആചാരമല്ല, ഭരണഘടനയാണ് വലുതെന്ന് സര്‍ക്കാര്‍ തെളിയിച്ചെന്നും സുഭാഷിണി അലി പറഞ്ഞു. 

ഇന്നു പുലർച്ചെ 3.48നാണ് ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്. ഇവർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മുഖം മറച്ചെത്തിയ യുവതികള്‍ ആചാരലംഘനം നടത്തിയതായി പോലീസും, ഇന്റലിജന്‍സും സ്ഥിരീകരിച്ചു. മഫ്തിയിലെത്തിയ പോലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയതായും പതിനെട്ടാം പടി വഴിയല്ല തങ്ങളെ പോലീസ് സന്നിധാനത്ത് എത്തിച്ചതെന്നും യുവതികള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com