യുവതികൾ രഹസ്യമായി വന്നതിനാൽ പ്രതിഷേധിക്കാനായില്ല ; ശബരിമലയിൽ ദേവപ്രശ്നം നടത്തണമെന്ന് രാഹുൽ ഈശ്വർ

സ്ത്രീകള്‍ വരുന്നത് അറിയാനായില്ലെങ്കില്‍ ഇന്റലിജന്‍സ് എന്ന സംവിധാനം എന്തിനാണെന്ന് രാഹുല്‍ ഈശ്വര്‍
യുവതികൾ രഹസ്യമായി വന്നതിനാൽ പ്രതിഷേധിക്കാനായില്ല ; ശബരിമലയിൽ ദേവപ്രശ്നം നടത്തണമെന്ന് രാഹുൽ ഈശ്വർ

പത്തനംതിട്ട: സ്ത്രീകള്‍ രഹസ്യമായി വന്നത് കൊണ്ടാണ് പ്രതിഷേധിക്കാന്‍ കഴിയാതെ പോയതെന്ന് അയ്യപ്പ ധര്‍മ്മസേന നേതാവ് രാഹുല്‍ ഈശ്വര്‍. യുവതീ പ്രവേശനം കേരള സര്‍ക്കാര്‍ കൂട്ടു നിന്ന നാടകമാണെങ്കില്‍ ദൗര്‍ഭാഗ്യകരമായി. യുവതീപ്രവേശനത്തെ തുടർന്ന് ശബരിമലയിൽ ദേവപ്രശ്നം നടത്തണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. 

സ്ത്രീകള്‍ വരുന്നത് അറിയാനായില്ലെങ്കില്‍ ഇന്റലിജന്‍സ് എന്ന സംവിധാനം എന്തിനാണെന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ശബരിമലയെ പിന്തുണച്ചു കൊണ്ടും ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ നിരീക്ഷണത്തെ പിന്തുണച്ചു കൊണ്ടും ഇന്നലെ നിലപാട് അറിയിച്ചിരുന്നു. രാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നിലപാടറിയിച്ച വിഷയത്തില്‍ ഒരു കാരണവശാലും പൊലീസ് സഹായിച്ചത് ശരിയായില്ല. യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിൽ സംഘടിതമായ പ്രതികരണമുണ്ടാവുമെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു. 

ഇന്നു പുലർച്ചെ 3.48നാണ് ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത്. ഇവർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മുഖം മറച്ചെത്തിയ യുവതികള്‍ ആചാരലംഘനം നടത്തിയതായി പോലീസും, ഇന്റലിജന്‍സും സ്ഥിരീകരിച്ചു. മഫ്തിയിലെത്തിയ പോലീസ് തങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയതായും പതിനെട്ടാം പടി വഴിയല്ല തങ്ങളെ പോലീസ് സന്നിധാനത്ത് എത്തിച്ചതെന്നും യുവതികള്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com