ശബരിമലയിലെ യുവതി പ്രവേശം: വെളിപ്പെടുത്തലുമായി ദേവസ്വം ബോര്‍ഡ് മുന്‍ അംഗത്തിന്റെ മകള്‍

ശബരിമലയിലെ യുവതി പ്രവേശം: വെളിപ്പെടുത്തലുമായി ദേവസ്വം ബോര്‍ഡ് മുന്‍ അംഗത്തിന്റെ മകള്‍
ശബരിമലയിലെ യുവതി പ്രവേശം: വെളിപ്പെടുത്തലുമായി ദേവസ്വം ബോര്‍ഡ് മുന്‍ അംഗത്തിന്റെ മകള്‍

കൊച്ചി: ശബരിമല യുവതീപ്രവേശത്തില്‍ വെളിപ്പെടുത്തലുമായി ദേവസ്വംബോര്‍ഡ്  മുന്‍ അംഗത്തിന്റെ മകള്‍. 1969 ല്‍ സഹോദരന്റെ ചോറൂണിനായി മുപ്പത്തിനാലുകാരിയായ അമ്മ ശബരിമലയില്‍ എത്തിയെന്നും അന്ന് ചോറൂണ്‍ കര്‍മ്മങ്ങള്‍ക്ക് തന്ത്രിയായിരുന്ന കണ്ഠര് മഹേശ്വര് എല്ലാ സഹായവും നല്‍കിയെന്നും ദേവസ്വം ബോര്‍ഡ് മുന്‍ അംഗം പി.കെ. ചന്ദ്രാനന്ദന്റെ മകള്‍ ഉഷ വിനോദ് പറഞ്ഞു. അന്ന് പരിഹാരക്രിയകള്‍ ചെയ്തതായി അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കണ്ഠരര് രാജീവരുടെ സമ്മതത്തോടെ ശബരിമല ദര്‍ശിച്ചതെന്ന അവകാശവാദവുമായി നേരത്തെ എഴുത്തുകാരി ലക്ഷ്മി രാജീവ് രംഗത്തെത്തിയിരുന്നു. മക്കളുണ്ടാകാതിരുന്ന സമയത്തായിരുന്നു ദര്‍ശനം. വ്രതമെടുത്തു മലചവിട്ടിക്കോളൂ, മകനുണ്ടായാല്‍ പതിനെട്ടു വര്‍ഷം അവനെയും കൊണ്ട് പോകണം. സ്വാമി അനുഗ്രഹിക്കട്ടെ എന്ന് തന്ത്രി പറഞ്ഞതാതായിട്ടായിരുന്നു വെളിപ്പെടുത്തല്‍

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ്  കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവും മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇരുവരും അതീവ രഹസ്യമായാണ് പൊലീസ് സുരക്ഷയില്‍ ശബരിമലയിലെത്തിയത്. മുഖ്യമന്ത്രിയാണ് യുവതികള്‍ ദര്‍ശനം നടത്തിയത്.

പുലര്‍ച്ചെ 3.48നാണ് സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി യുവതികള്‍ സന്നിധാനത്തെത്തി ദര്‍ശനം നേടിയത്. അധികമാരും അറിയും മുന്‍പ് സുരക്ഷിതമായി മലയിറങ്ങുകയും ചെയ്തു. 24ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനത്തിന് ശ്രമിച്ച് എതിര്‍പ്പ് മൂലം പിന്‍മാറേണ്ടി വന്നവരാണ് കനകദുര്‍ഗയും ബിന്ദുവും. ഇത്തവണത്തെ നീക്കങ്ങള്‍ അതീവരഹസ്യമായായിരുന്നു. ഇന്നലെ വൈകിട്ട് എറണാകുളത്ത് നിന്ന് യാത്ര പുറപ്പെട്ട് രാത്രി 12 മണിയോടെ പമ്പയിലെത്തി. നാല് പുരുഷന്‍മാരടക്കം ആറ് പേര്‍ സംഘത്തിലുണ്ടായിരുന്നു. പമ്പയിലെ പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് യാത്രയുടെ കാര്യം അറിയിച്ചു. പ്രതിഷേധമടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പൊലീസ് വിശദീകരിച്ചു. സ്വന്തം നിലയില്‍ മലകയറിക്കോളാമെന്ന് ഇരുവരും നിലപാടെടുത്തതോടെ പൊലീസ് തടഞ്ഞില്ല. ഒരു മണിയോടെ സാധാരണ തീര്‍ത്ഥാടകരെ പോലെ ഇരുവരും മലകയറിത്തുടങ്ങി. കാക്കിവേഷം ഉപേക്ഷിച്ച്, യുവതികളില്‍ നിന്ന് അല്‍പം അകന്ന് സുരക്ഷയൊരുക്കി ആറ് പൊലീസും പിന്തുടര്‍ന്നു. വലിയനടപ്പന്തലിലെ ക്യൂ നില്‍ക്കാതെ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സന്നിധാനത്തെത്തി. കൊടിമരത്തിന് മുന്നിലൂടെ നേരെ ശ്രീകോവിലിലേക്ക് പൊലീസ് വഴിയൊരുക്കി. പത്ത് മിനിറ്റിനകം തൊഴുത് മടങ്ങുകയും ചെയ്തു. 

ഇരുവരും പമ്പയിലെത്തിയ ശേഷമാണ് യുവതിദര്‍ശനം പുറത്തറിയുന്നത്. യുവതികളുടെ യാത്ര മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് വാദിക്കുന്നുണ്ടെങ്കിലും പൊലീസിന്റെ കൃത്യമായ ആസൂത്രണമാണ് ദര്‍ശനം സാധ്യമാക്കിയതെന്നതില്‍ സംശയമില്ല. പതിവില്‍ നിന്ന് വ്യത്യസ്തമായി വലിയ സുരക്ഷ ഒരുക്കാതെയാണ് പൊലീസ് യുവതികളെ പിന്തുടര്‍ന്നത്. പകലിന് പകരം രാത്രി നട അടച്ച് സമയം ലകയറാന്‍ തിരഞ്ഞെടുത്തതും പ്രതിേഷധക്കാരും തീര്‍ത്ഥാടകരും തിരിച്ചറിഞ്ഞ് തടയാതിരിക്കാന്‍ സഹായകമായി. പ്രായം നോക്കി സ്ത്രീകളം തടയേണ്ടതല്ല പൊലീസിന്റെ ജോലിയെന്നും സുരക്ഷ ഒരുക്കലാണെന്നും ഡി.ജി.പിയും വിശദീകരിച്ചു. 

യുവതികള്‍ കയറിയതിന് പിന്നാല ശബരിമല നട അടച്ചു. ശബരിമല നട അടച്ച് പരിഹാരക്രിയ നടത്തിയതിനു ശേഷം തുറന്നു. നെയ്യഭിഷേകം നിര്‍ത്തിവച്ചു.  തിരുമുറ്റത്തുനിന്ന് ഭക്തരെ പുറത്തേക്ക് മാറ്റിയാണ് ശുദ്ധികലശത്തിനുള്ള നടപടികള്‍ തുടങ്ങിയത്. ഒരു മണിക്കൂര്‍ ശുദ്ധികലശത്തിനു ശേഷം നട തുറന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com