ഇന്ന് ഹർത്താൽ; സഹകരിക്കില്ലെന്ന് വ്യാപാരികൾ; അക്രമം നടത്തുകയോ സഞ്ചാരം തടസപ്പെടുത്തുകയോ ചെയ്താല്‍ കര്‍ശന നടപടിയെന്ന് ഡിജിപി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2019 05:01 AM |
Last Updated: 03rd January 2019 05:01 AM | A+A A- |

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് കര്‍മസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ഹര്‍ത്താലിനെ ബിജെപി പിന്തുണയ്ക്കും. ഇന്ന് കരിദിനമാചരിക്കാന്‍ യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്. പാല്‍, പത്രം, വിവാഹം, മരണം, അടിയന്തര യോഗങ്ങള്‍ എന്നിവയുമാസയി ബന്ധപ്പെട്ട യാത്രകളെയും തീര്‍ഥാടകരെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. പ്രതിഷേധവും ഹര്‍ത്താല്‍ ആചരണവും സമാധാനപരമായിരിക്കണമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു.
ഇന്ന് നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി അറിയിച്ചു. എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ വ്യക്തമാക്കി. കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വികെസി മമ്മദ് കോയ എംഎല്‍എ, സെക്രട്ടറി ഇഎസ് ബിജു എന്നിവരും അറിയിച്ചു. പൊലീസ് സംരക്ഷണം ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) അറിയിച്ചു. ട്രാവല്‍, ടൂറിസം മേഖല സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് സിഎസ് വിനോദ് പറഞ്ഞു.
ആരെങ്കിലും നിര്‍ബന്ധമായി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അക്രമം നടത്തുകയോ സഞ്ചാരം തടസപ്പെടുത്തുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തുവകകളില്‍ നിന്നോ നഷ്ടം ഈടാക്കും. അക്രമത്തിന് മുതിരുന്നവരെ അറസ്റ്റ് ചെയ്യും. കടകള്‍ തുറന്നാല്‍ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.