നടയടച്ചത് വിചിത്ര നടപടി; വിധിയോടു വിയോജിപ്പുണ്ടെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി

യുവതികള്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഭക്തരാണ് സൗകര്യം ഒരുക്കിയത്
നടയടച്ചത് വിചിത്ര നടപടി; വിധിയോടു വിയോജിപ്പുണ്ടെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി

തിരുവന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ നട അടച്ച തന്ത്രിയുടെ നടപടി വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധിയും ദേവസ്വം നിയമവും ലംഘിക്കുന്നതാണ് തന്ത്രിയുടെ നടപടി. വിധിയില്‍ വിയോജിപ്പുണ്ടെങ്കില്‍ തന്ത്രി സ്ഥാനമൊഴിയുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്നു തീരുമാനിക്കേണ്ട് ദേവസ്വം ബോര്‍ഡാണ്. കോടതി വിധി നടപ്പാക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ട്. അങ്ങനെയുള്ള തന്ത്രി യുവതികള്‍ വന്നതിന്റെ പേരില്‍ നടയടച്ചത് വിചിത്രമായ നടപടിയാണ്. വിധിയോടു വിയോജിപ്പുണ്ടെങ്കില്‍ തന്ത്രി സ്ഥാനമൊഴിയുകയാണ് വേണ്ടത്. തന്ത്രിയുടെ നടപടി സുപ്രിം കോടതി വിധിയുടെയും ദേവസ്വം നിയമത്തിന്റെയും ലംഘനമാണ്.

ശബരിമലയില്‍ സര്‍ക്കാര്‍ ആര്‍ക്കും സവിശേഷ പരിഗണന നല്‍കിയിട്ടില്ല. യുവതികള്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഭക്തരാണ് സൗകര്യം ഒരുക്കിയത്. ഭക്തര്‍ക്കു സ്വാഭാവിക പ്രതിഷേധം ഇല്ലെന്നാണ് അതിനര്‍ഥം. കോടതി വിധി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട പൊലീസ് ദര്‍ശനത്തിന് എത്തിയവര്‍ക്കു സുരക്ഷയൊരുക്കി. 

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണ് ശ്രമം. ഹര്‍ത്താലിന്റെ പേരില്‍ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. ശബരിമല വിധി വന്നതിനു ശേഷം എത്ര ഹര്‍ത്താലുകളാണ് നടത്തിയത്? ആത്മഹത്യയുടെ പേരിലും അപകടമരണത്തിന്റെ പേരിലും ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന അവസ്ഥ. സമര രൂപങ്ങളില്‍ ഏറ്റവും അവസാനം സ്വീകരിക്കുന്ന ഒന്നാണ് ഹര്‍ത്താല്‍. ഇപ്പോള്‍ തോന്നുമ്പോഴെല്ലാം ഹര്‍ത്താലാണ്. അതിനായി കള്ളക്കഥകള്‍ ചമയ്ക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇന്നലെയും ഇന്നുമായി വ്യാപകമായ അക്രമമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ജനങ്ങള്‍ക്കു നേരെയും ഓഫിസുകള്‍ക്കു നേരെയും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെയും അക്രമമുണ്ടായി. മാധ്യമ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. ഹര്‍ത്താലിന്റെ പേരിലുള്ള അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വനിതാ മതില്‍ വന്‍ വിജയമായിരുന്നു. ഇതൊരു പുതിയ നവോത്ഥാന മുന്നേറ്റമാണ്. മതിലിനെതിരെ വ്യാപകമായ പ്രചാരവും പരാജയപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നു. കാസര്‍ക്കോട് നടന്ന അക്രമം അതിന്റെ ഭാഗമാണ്. ഇതെല്ലാം മറികടന്നാണ് വനിതകള്‍ മതിലില്‍ അണിനിരന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com