രണ്ട് ദിവസം കൊണ്ട് തകർന്നത് 100 കെഎസ്ആർടിസി ബസുകൾ; നഷ്ടം 3.35 കോടി രൂപ

ഹർത്താലിനെ തുടർന്ന് സംസ്ഥാനത്ത് വിവിധ ഭാ​ഗങ്ങളിലായി കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ വ്യാപക അക്രമണമാണുണ്ടായത്
രണ്ട് ദിവസം കൊണ്ട് തകർന്നത് 100 കെഎസ്ആർടിസി ബസുകൾ; നഷ്ടം 3.35 കോടി രൂപ

തിരുവനന്തപുരം: ഹർത്താലിനെ തുടർന്ന് സംസ്ഥാനത്ത് വിവിധ ഭാ​ഗങ്ങളിലായി കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ വ്യാപക അക്രമണമാണുണ്ടായത്. രണ്ട് ദിവസം കൊണ്ട് 100 ബസുകളാണ് തകർക്കപ്പെട്ടത്. അക്രമത്തിൽ കോര്‍പറേഷനുണ്ടായ നഷ്ടം 3.35 കോടി രൂപയാണെന്ന് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. തകര്‍ക്കപ്പെട്ട കെഎസ്ആര്‍ടിസി ബസുകള്‍ അണിനിരത്തിക്കൊണ്ടുള്ള വിലാപ യാത്രയും തലസ്ഥാനത്ത് അരങ്ങേറി. ഇതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ടോമിന്‍ തച്ചങ്കരി നാശനഷ്ടങ്ങളുടെ കണക്കുകള്‍ വിശദീകരിച്ചത്.

ബസുകള്‍ തകര്‍ക്കപ്പെട്ടതിനെ തുടർന്നുണ്ടായ നഷ്ടം മാത്രമാണ് വിലയിരുത്തിയിട്ടുള്ളത്. സര്‍വീസുകള്‍ മുടങ്ങുന്നതുമൂലം ഉണ്ടായ നഷ്ടം കണക്കാക്കാന്‍ ദിവസങ്ങളെടുക്കും. ബസുകള്‍ നന്നാക്കി സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാക്കാന്‍ ദിവസങ്ങളോ മാസങ്ങളോ വേണ്ടി വരും. വോള്‍വോ, സ്‌കാനിയ തുടങ്ങിയ ബസുകളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ വിദേശത്തു നിന്ന് എത്തിക്കേണ്ടി വന്നേക്കാം. ഇതുമൂലം ബസുകള്‍ നന്നാക്കാന്‍ കാലതാമസമുണ്ടാകുമെന്നും അ​ദ്ദേഹം വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കപ്പെടുന്നതു മൂലം ഉണ്ടാകുന്ന നഷ്ടം ഒരിക്കലും സര്‍ക്കാര്‍ നികത്താറില്ല. നികത്തിയ ചരിത്രം ഇതുവരെയില്ല. കെഎസ്ആര്‍ടിസി ബസിന് കല്ലെറിയുന്നത് സര്‍ക്കാരിനുള്ള ഏറായി തെറ്റിദ്ധരിക്കരുത്. കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുുന്നവരെ ജനങ്ങള്‍ ഇടപെട്ട് പിന്തിരിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com