വ്യാപക അക്രമം: നെടുമങ്ങാടും തലശ്ശേരിയിലും ബോംബേറ്: പാലക്കാട് സിപിഐ ഓഫീസ് അടിച്ചു തകര്‍ത്തു; തൃശൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ശബരിമല കര്‍മസമിതിയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം.
വ്യാപക അക്രമം: നെടുമങ്ങാടും തലശ്ശേരിയിലും ബോംബേറ്: പാലക്കാട് സിപിഐ ഓഫീസ് അടിച്ചു തകര്‍ത്തു; തൃശൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ശബരിമല കര്‍മസമിതിയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം. പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. തൃശൂര്‍ വാടനപ്പള്ളിയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. എസ്ഡിപിഐ-ബിജെപി സംഘര്‍ഷത്തിനിടെയാണ് കുത്തേറ്റത്. 

ഇന്നലെമുതല്‍ വാടനപ്പള്ളിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരായ ശ്രീജിത്ത്, രതീഷ്, സുജിത്ത് എന്നിവര്‍ക്കാണ്  കുത്തേറ്റത്. ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയപ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കുത്തേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പാലക്കാട് കനത്ത സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. വിക്്‌ടോറിയ കോളജ് ഹോസ്റ്റല്‍ അടിച്ചുതകര്‍ത്ത ഹര്‍ത്താല്‍ അനുകൂലികള്‍, കോളജിന് സമീപത്തെ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസും അടിച്ചു തകര്‍ത്തു. ഫര്‍ണിച്ചറുകളും വാഹനങ്ങളും നശിപ്പിച്ചു. തുടര്‍ന്ന് പൊലീസെത്തി ലാത്തി വീശിയും ടിയര്‍ ഗ്യാസ് പ്രയോഗിച്ചും അക്രമികളെ ഓടിക്കുകയായിരുന്നു. നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

തിരുവനന്തപുരത്ത് നെടുമങ്ങാട് പൊലീസ്  സ്റ്റേഷന് മുന്നില്‍ ബോംബെറിഞ്ഞു. മലയിന്‍കീഴില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കണ്ണൂര്‍ തലശ്ശേരിയിലും ബോംബെറുണ്ടായി. 

വടക്കാഞ്ചേരിയില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഒറ്റപ്പാലത്തും സംഘര്‍ഷമുണ്ടായി പാലക്കാട് എസ്പി അടക്കം നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്ന കടകള്‍ അടപ്പിക്കാനെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. കട അടപ്പിക്കാനുള്ള അക്രമികളുടെ ശ്രമം വ്യാപാരികള്‍ തടഞ്ഞു. അറുപതോളംപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടിങ് നിര്‍ത്തിവച്ചു. സെക്രട്ടേറിയേറ്റിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെതതിയ മാധ്യമ പ്രവര്‍ത്തകരെയാണ് ആക്രമിച്ചത്. 

കോട്ടയം പൊന്‍കുന്നത്ത് ഹര്‍ത്താല്‍ ദിനത്തില്‍ തുറന്ന കട ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഫോര്‍ മോര്‍ എന്ന കടയുടെ മാനേജര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചങ്ങനാശേരി സെന്‍ട്രല്‍ ജംക്ഷനിലെ സിഐടിയു ഓഫിസ് ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. മേഖലയില്‍ സംഘര്‍ഷ സാധ്യത. പാമ്പാടിയില്‍ സിപിഎം ഓഫിസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്കു പരുക്ക്. ഏറ്റുമാനൂരില്‍ പ്രകടനം നടത്തിയവര്‍ ഡിഐഎഫ്‌ഐ കൊടിമരം തകര്‍ത്തു. ഇതേത്തുടര്‍ന്ന് ഡിഐഎഫ്‌ഐ പ്രവര്‍ത്തകര്‍ എബിവിപിയുടെ കൊടിമരം തകര്‍ത്തു.

കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലും സമീപ പ്രദേശങ്ങളിലും അക്രമം വ്യാപിക്കുന്നു. ബന്ദിയോട്, ഉപ്പള തുടങ്ങിയ സ്ഥലങ്ങളിലും പ്രശ്‌നം രൂക്ഷമാണ്. ബന്ദിയോട് 25ല്‍ പരം കടകള്‍ തകര്‍ത്തു. അഞ്ചു പേര്‍ക്ക് പരുക്കുണ്ട്. ഇവരെ മംഗളൂരു ആശുപത്രിയിലേക്കു മാറ്റി. ഒട്ടേറെ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. മഞ്ചേശ്വരം സിപിഎം ഏരിയാ കമ്മിറ്റി ഓഫിസ് കല്ലെറിഞ്ഞു തകര്‍ത്തു.

തലശേരി പാനൂര്‍ കൊളവല്ലൂരില്‍ അക്രമികള്‍ പൊലീസ് ജീപ്പ് തകര്‍ത്തു. വടക്കെ പൊയിലൂരില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ തുരത്തുന്നതിനിടെ വധശ്രമക്കേസിലെ പ്രതിയെ കൊളവല്ലൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. ഈ പ്രതിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ സ്ത്രീകള്‍ തടയുകയും പൊലീസുമായി പിടിവലി നടത്തുകയും ചെയ്തു. പ്രതിയെ അറസ്റ്റു ചെയ്ത് സ്‌റ്റേഷനിലെത്തിച്ച ശേഷം സംഭവസ്ഥലത്തേക്ക് വീണ്ടുമെത്തിയപ്പോഴാണ് പൊലീസ് ജീപ്പിന് നേരെ അക്രമമുണ്ടായത്. ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

കണ്ണൂരില്‍ ഇന്ത്യന്‍ കോഫി ഹൗസിനു സമീപം സംഘര്‍ഷമുണ്ടായി. പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകരും കോഫി ഹൗസിനു കാവല്‍ നിന്ന സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ട് ബിജെപി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. തളാപ്പ് ഇരട്ടക്കണ്ണന്‍ പാലത്തിന് സമീപം സേവാഭാരതിയുടെ ആംബുലന്‍സ് തകര്‍ത്തു. െ്രെഡവറുടെ വീട്ടില്‍ നിര്‍ത്തിയിട്ട ആംബുലന്‍സാണ് ബൈക്കിലെത്തിയ സംഘം തകര്‍ത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com