സംഘര്‍ഷത്തിന് അയവില്ല; പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ; നാളെ വൈകീട്ട് ആറ് വരെ

സംഘര്‍ഷത്തിന് അയവില്ല - പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ - നാളെ വൈകീട്ട് ആറ് വരെ
സംഘര്‍ഷത്തിന് അയവില്ല; പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ; നാളെ വൈകീട്ട് ആറ് വരെ

പാലക്കാട്: ശബരിമല യുവതീപ്രവേശത്തെത്തുടര്‍ന്നുണ്ടായ ആക്രമസംഭവങ്ങളില്‍  അയവില്ലാത്ത സാഹചര്യത്തില്‍ പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് ആറുമണിവരെയാണ് നിരോധനാജ്ഞ. ഹര്‍ത്താലിനെ തുടര്‍ന്ന് നഗരത്തിലെമ്പാടും വ്യാപക അക്രമം അരങ്ങേറിയിരുന്നു. നഗരത്തിലും മണ്ണാര്‍ക്കാടും പലതവണ സംഘര്‍ഷമുണ്ടായി. സംസ്ഥാനത്താകെ ഇന്ന്  745 പേര്‍ അറസ്റ്റിലായി. 628പേര്‍  കരുതല്‍ തടങ്കലില്‍, 559 കേസ് റജിസ്റ്റര്‍ ചെയ്തു. 

ഹര്‍ത്താല്‍ സമയം കഴിഞ്ഞശേഷം തിരുവനന്തപുരത്ത് മൂന്നിടങ്ങളിലെ അക്രമ സംഭവങ്ങളില്‍ ശബരിമല തീര്‍ഥാടകന്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരുക്ക്. കളിയിക്കാവിളയിലില്‍ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന പന്ത്രണ്ട സംഘത്തിന് നേരേയുണ്ടായ ആക്രമണത്തിലാണ് തീര്‍ഥാടകന് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന ജെറിനും കുത്തേറ്റു. ആക്രമണ കാരണം വ്യക്തമല്ല. 

സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ പനങ്കാല എന്ന സ്ഥലത്ത് നിന്ന് കെട്ടുകെട്ടി നടന്നുവരികയായിരുന്ന പന്ത്രണ്ട സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പനങ്കാലയ്ക്കും കളിയിക്കാവിളയ്ക്കും മധ്യേ ആര്‍.സി. സ്ട്രീറ്റില്‍  രാത്രി എഴരയോടെയായിരുന്നു സംഭവം. പ്രശാന്ത് എന്ന തീര്‍ഥാടകനും ഒപ്പമുണ്ടായിരുന്ന ജെറിനും കുത്തേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബാക്കി തീര്‍ഥാടകര്‍ അക്രമകളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയപാത ഉപരോധിച്ചു.

രാവിലെ പാലക്കാട്ട് ഹര്‍ത്താലനുകൂലികള്‍ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസും വാഹനങ്ങളും അടിച്ചുതകര്‍ത്തു. ഡിവൈഎഫ്െഎ , എന്‍ജിഒ യൂണിയന്‍ ഓഫീസുകളും ആക്രമിക്കപ്പെട്ടതോടെ പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റു. 

വിക്ടോറിയകോളജിന് സമീപത്ത് ഹര്‍ത്താലനുകൂലികള്‍ പ്രകടനത്തിനായി സംഘടിച്ചതോടെ ഇവിടെത്തന്നെയുളള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് ഇരുനൂറിലധികം ഡിവൈഎഫഐ സിപിഎം പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു. ഇതിനിടെ ഇതുവഴി വന്ന ഹര്‍ത്താലനുകൂലികളുടെ ചെറുപ്രകടനമാണ് തുടക്കത്തില്‍ അക്രമത്തിന് വഴിമാറിയത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞതോടെ സംഘര്‍ഷമായി. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com