ഹര്‍ത്താലില്‍ പരക്കെ അക്രമം; കടകള്‍ അടപ്പിച്ചു, വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് അയ്യപ്പ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടരുന്നു. വ്യാപകമായ അക്രമമാണ് വിവിധ ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട്
ഹര്‍ത്താലില്‍ പരക്കെ അക്രമം; കടകള്‍ അടപ്പിച്ചു, വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് അയ്യപ്പ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടരുന്നു. വ്യാപകമായ അക്രമമാണ് വിവിധ ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചു. ഇന്നലെയുണ്ടായ അക്രമസംഭവങ്ങളില്‍ 32 ലേറെ ബസുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് സര്‍വ്വീസ് നടത്തുന്നില്ലെന്ന് തീരുമാനിച്ചത്. പമ്പയില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ട്.

നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളും സംസ്ഥാനത്ത് പലയിടങ്ങളിലായി തടയുന്നുണ്ട്. യഥാസമയം ആംബുലന്‍സ് കിട്ടാതിരുന്നതിനെ തുടര്‍ന്ന് ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീ കുഴഞ്ഞ് വീണു മരിച്ചു. വയനാട് സ്വദേശി പാത്തുമ്മയാണ് തമ്പാന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണത്. 

കൊല്ലം ജില്ലയിലെ പത്തനാപുരത്ത് റോഡില്‍ തടി കൂട്ടിയിട്ടും വലിയ കല്ലുകള്‍ നിരത്തിയും ഗതാഗതം തടസ്സപ്പെടുത്തി. കൊട്ടാരക്കരയിലും വെട്ടിക്കവലയിലും രാവിലെ സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.
പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇതുവരേക്കും അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടങ്ങളില്‍ ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണമാണെന്നും കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആലപ്പുഴയില്‍ മാത്രം എട്ടോളം ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി.

എറണാകുളം ജില്ലയിലെ വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. ട്രെയിന്‍ യാത്രക്കാര്‍ക്കായി റെയില്‍വേ സ്റ്റേഷനുകളില്‍ ഓട്ടോറിക്ഷാ സൗകര്യം പൊലീസ് ഒരുക്കിയിട്ടുണ്ട്. കോതമംഗലത്ത് ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. അക്രമം ഉണ്ടാക്കുന്നവരെയും കടകള്‍ ബലമായി അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി രാവിലെ വ്യക്തമാക്കിയിരുന്നു. പെരുമ്പാവൂരില്‍ അക്രമം നടത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

മലപ്പുറം തവന്നൂരിലെ സിപിഎം ഓഫീസും പാലക്കാട് വെണ്ണക്കരയില്‍ ഉള്ള ഇഎംഎസ് സ്മാരക ലൈബ്രറിയും തീയിട്ട് നശിപ്പിച്ചു. കോഴിക്കോട് പറക്കോടും, പെരുവയലിലും റോഡില്‍ ടയര്‍ കത്തിച്ച് രാവിലെ റോഡ്ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. കൊയിലാണ്ടിയില്‍ പൊലീസിന്റേതുള്‍പ്പടെ നിരവധി വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂര്‍ ജില്ലയില്‍ കാറിന് നേരെയും റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിന് നേരെയും കല്ലെറിഞ്ഞു. ജില്ലയില്‍ വിവിധയിടങ്ങളിലായി നടന്ന അക്രമ സംഭവങ്ങളില്‍ പത്ത് പേരാണ് അറസ്റ്റിലായത്.

അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്നും ജനജീവിതം തടസ്സപ്പെടുത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ഡിജിപി അറിയിച്ചിരുന്നു. പാല്‍, പത്രം, വിവാഹം, മരണം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com