കരോള്‍ സംഘത്തിന് നേര്‍ക്ക് ഡിവൈഎഫ്‌ഐ അക്രമം : യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം ; ലാത്തിച്ചാര്‍ജ്ജ്

പാത്താമുട്ടം സെന്റ് ആംഗ്ലിക്കന്‍സ് പള്ളി വിഷയത്തിലാണ് യുഡിഎഫ് എസ്പി ഓഫീസിലേക്ക് ലോംഗ് മാര്‍ച്ച് നടത്തിയത്
കരോള്‍ സംഘത്തിന് നേര്‍ക്ക് ഡിവൈഎഫ്‌ഐ അക്രമം : യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം ; ലാത്തിച്ചാര്‍ജ്ജ്


കോട്ടയം : കോട്ടയത്ത് എസ്പി ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേര്‍ക്ക് ലാത്തിവീശി. പാത്താമുട്ടം സെന്റ് ആംഗ്ലിക്കന്‍സ് പള്ളി വിഷയത്തിലാണ് യുഡിഎഫ് എസ്പി ഓഫീസിലേക്ക് ലോംഗ് മാര്‍ച്ച് നടത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. കരോള്‍ സംഘത്തെ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ കര്‍ക്കശ നടപടിയെടുക്കാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. 

കഴിഞ്ഞ 23 നാണ് പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയിലെ യുവജന സംഘം, സ്ത്രീജനസഖ്യം എന്നിവയുടെ നേതൃത്വത്തില്‍ ഇറങ്ങിയ കരോള്‍ സംഘത്തിനുനേരെ  ആക്രമണമുണ്ടായത്. ഇരുപതോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘത്തില്‍ കടന്ന് പാട്ടുപാടുകയും അസഭ്യം പറയുകയും ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പെണ്‍കുട്ടികളെ അപമാനിച്ചെന്നും കൊച്ചുകുട്ടികളെ ഉള്‍പ്പെടെ ഉപദ്രവിക്കുകയും ചെയ്തുവെന്നുമാണ് പരാതി ഉയര്‍ന്നത്.

തുടര്‍ന്ന് പൊലീസ് നിര്‍ദേശപ്രകാരം പള്ളിയിലേക്ക് തിരികെ പോയ കരോള്‍ സംഘത്തെ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. പ്രദേശത്തെ നാലോളം വീടുകള്‍ക്ക് നേരെയും അക്രമമുണ്ടായി. പാര്‍ട്ടി ബന്ധം മറയാക്കി പ്രതികള്‍ക്കെതിരെ പോലീസ് നിസ്സാര വകുപ്പുകള്‍ മാത്രം ചുമത്തി വിട്ടയച്ചു എന്നുമാണ് ആക്ഷേപം. അപമാനിതരായ പെണ്‍കുട്ടികള്‍ക്ക് മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അക്രമിസംഘത്തിന്റെ ഭീഷണി ഭയന്ന് കരോള്‍ സംഘത്തിലുണ്ടായിരുന്ന 35 ഓളം പേര്‍ ഇപ്പോഴും പള്ളിയില്‍ തന്നെയാണ് കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com