ചരിത്രം തിരുത്തുന്നു: അഗസ്ത്യാര്‍കൂടത്തില്‍ ഇത്തവണ സ്ത്രീകളും, പ്രത്യേക പരിഗണന ഉണ്ടായിരിക്കില്ലെന്ന് വനംവകുപ്പ് 

ജനുവരി 14 മുതല്‍ സന്ദര്‍ശനം തുടങ്ങും. ട്രക്കിങ്ങിനുള്ള പാസിന് അഞ്ചാം തീയതി മുതല്‍ ബുക്ക് ചെയ്യാം.
ചരിത്രം തിരുത്തുന്നു: അഗസ്ത്യാര്‍കൂടത്തില്‍ ഇത്തവണ സ്ത്രീകളും, പ്രത്യേക പരിഗണന ഉണ്ടായിരിക്കില്ലെന്ന് വനംവകുപ്പ് 

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്കും ട്രെക്കിങ് നടത്താമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാനൊരുങ്ങി വനംവകുപ്പ്. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരിക്കില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. ജനുവരി 14 മുതല്‍ സന്ദര്‍ശനം തുടങ്ങും. ട്രക്കിങ്ങിനുള്ള പാസിന് അഞ്ചാം തീയതി മുതല്‍ ബുക്ക് ചെയ്യാം.

നെയ്യാര്‍ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ വനപ്രദേശമാണ് അഗസ്ത്യാര്‍കൂടം. ഇവിടെ സന്ദര്‍ശനം നടത്താന്‍ രമ്പരാഗതമായി സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഇതിനെതിരേ വിവിധ സ്ത്രീ കൂട്ടായ്മകളുടെ സമരങ്ങളും നടന്നിരുന്നു. 

ഒടുവില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷി (കോഴിക്കോട്), വിമെന്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് ഗ്രോത്ത് ത്രൂ സ്‌പോര്‍ട്‌സ് (മലപ്പുറം), പെണ്ണൊരുമ (കണ്ണൂര്‍) എന്നീ സംഘടനകളാണ് അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന അനുകൂലവിധിക്ക് വേണ്ടി കോടതിയെ സമീപിച്ചത്. 

അതേസമയെ ട്രെക്കിങ് നടത്തുന്നവര്‍ക്ക് അവിടെ പൂജയ്‌ക്കോ ആരാധനയ്‌ക്കോ അനുവാദമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ സന്ദര്‍ശകര്‍ പൂജാദ്രവ്യങ്ങള്‍ കരുതരുതെന്ന് വനംവകുപ്പിന്റെയും പ്രത്യേകം നിര്‍ദേശമുണ്ട്. അതേസമയം സന്ദര്‍ശകരോട് വിവേചനം പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാലാണ് സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

വനത്തിനുള്ളിലൂടെ മൂന്ന് ദിവസം വരെ യാത്ര ചെയ്താണ് അഗസ്ത്യാര്‍കൂടത്തിലെത്തുക. പാത ദുര്‍ഘടമായതിനാല്‍ നല്ല ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ പങ്കെടുക്കാവൂ എന്നും വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 14 വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല. 

ജനുവരി 14 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് അഗസ്ത്യാര്‍കൂട സന്ദര്‍ശനം നടത്താനാവുക. അഞ്ചാം തീയതി മുതല്‍  www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന  ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഒരാള്‍ക്ക് ആയിരം രൂപയാണ് ഫീസ്. ഒരുദിവസം നൂറുപേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. ഒരാള്‍ക്ക് പരമാവധി പത്തുപേര്‍ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 04712360762.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com