ചെത്തുകാരുടെ മക്കള്‍ ഒത്തുചേരണം; പിണറായിക്ക് പിന്തുണയുമായി അശോകന്‍ ചെരുവില്‍

കേരളത്തിന്റെ വിമോചനനായകന്‍ പിണറായി വിജയനെ അദ്ദേഹത്തിന്റെ അച്ഛന്‍ ചെയ്ത തൊഴിലിന്റെ പേരില്‍ അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളം ഉയര്‍ത്തിപ്പിടിച്ച മഹത്തായ തൊഴില്‍സംസ്‌കാരമാണ് വെല്ലുവിളിക്കപ്പെടുന്നത്
ചെത്തുകാരുടെ മക്കള്‍ ഒത്തുചേരണം; പിണറായിക്ക് പിന്തുണയുമായി അശോകന്‍ ചെരുവില്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകന്‍ എന്ന് ആക്ഷേപിക്കുന്നതിനെതിരെ ചെത്ത് തൊഴിലാളികളുടെ മക്കള്‍ ഒത്തുച്ചേരണമെന്ന് എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍. ഇതിന്റെ ആദ്യയോഗം തൃശൂരില്‍ വിളിക്കണമെന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍ നേതൃത്വം നല്‍കണമെന്നും അശോകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചെത്തുതൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള പുതു തലമുറ ഇന്നു ജീവിത പുരോഗതിയുടെ സമസ്ത മേഖലകളിലും തലയുയര്‍ത്തിപ്പിടിച്ച് വിരാജിക്കുന്നുണ്ട്. പ്രശസ്ത ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ദരും സിവില്‍ സര്‍വ്വീസുകാരും അക്കൂട്ടത്തിലുണ്ട്. അന്തിക്കാട്ടെ ഒരു ചെത്തുതൊഴിലാളിയുടെ മകന്‍ കേരളത്തില്‍ മന്ത്രിയാകണം എന്നത് സഖാവ് കെ.പി.പ്രഭാകരന്റെ സ്വപ്നമായിരുന്നു. കാലില്‍ തൊഴില്‍ ചെയ്ത തഴമ്പുമായി കൃഷ്ണന്‍ കണിയാമ്പറമ്പില്‍ മന്ത്രിയായതോടെ അതു സഫലമായി. ഒരു കാര്യം ഉറപ്പാണ് പണിയെടുത്തവരും അവരുടെ മക്കളും ഭരണാധികാരികളായപ്പോഴാണ് കേരളത്തിന് അതിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാനായതെന്നും അശോകന്‍ കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ചെത്തുതൊഴിലാളികളുടെ മക്കള്‍.

കേരളത്തിലെ ചെത്തുതൊഴിലാളികള്‍ അവരുടെ അദ്ധ്വാനശക്തികൊണ്ട് കള്ള് മാത്രമല്ല ഉല്‍പ്പാദിപ്പിച്ചത്. ആധുനിക മാനവീയ കേരളം കൂടിയാണ്. 
അന്തിക്കാട്ടെ ചെത്തുതൊഴിലാളികള്‍ അവരുടെ വിയര്‍പ്പുകൊണ്ടും ചോരകൊണ്ടും കണ്ണീരുകൊണ്ടും വീണ്ടെടുത്തു തന്ന വഴികളിലൂടെ സഞ്ചരിക്കുന്ന ഒരാളാണ് ഇതെഴുതുന്നത്. വഴിപിടിക്കാനായി കുട്ടംകുളത്തും പാലിയത്തും പൊരുതിയവരില്‍ ഭൂരിഭാഗവും ഉശിരുള്ള ചെത്തുതൊഴിലാളികളായിരുന്നു. പെരിങ്ങോട്ടുകരയിലും കാരമുക്കിലും വന്ന് ഗുരു ക്ഷേത്രങ്ങള്‍ സ്ഥാപിച്ചപ്പോള്‍ അതില്‍ ആവേശം കൊണ്ട് നവോത്ഥാനപ്രക്രിയ പൂര്‍ത്തിയാക്കിയത് ഈ രണ്ടു ദേശങ്ങള്‍ക്കിടയിലുമുള്ള ചെത്തു  ചകിരിത്തൊഴിലാളി ഗ്രാമങ്ങളായിരുന്നു.

ഇന്ന് കേരളത്തിന്റെ വിമോചനനായകന്‍ പിണറായി വിജയനെ അദ്ദേഹത്തിന്റെ അച്ഛന്‍ ചെയ്ത തൊഴിലിന്റെ പേരില്‍ അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളം എക്കാലവും ഉയര്‍ത്തിപ്പിടിച്ച മഹത്തായ തൊഴില്‍സംസ്‌കാരമാണ് വെല്ലുവിളിക്കപ്പെടുന്നത്. നവോത്ഥാനനായകനും തിരുക്കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി.കേശവന്‍ ഒരു നെയ്തുകുടിയില്‍ നിന്നാണ് കയറി വന്നത്. വിദ്യാഭ്യാസകാലത്തെ അനുഭവം അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. അധസ്ഥിതര്‍ പഠിക്കാനെത്തിയതില്‍ അസ്വസ്ഥരായ സവര്‍ണ്ണ സഹപാഠികള്‍ കോളേജില്‍ വെച്ച് തങ്ങളെ 'ചിലന്തി' എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നതായി അദ്ദേഹം എഴുതുന്നു. എന്നാല്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അത്തരം ആക്ഷേപം അദ്ദേഹത്തിനു നേരെ ഉണ്ടായതായി കേട്ടിട്ടില്ല. അപ്പോഴേക്കും കേരളം നവോത്ഥാനത്തിന്റെ ഉല്‍ബുദ്ധത സ്വീകരിച്ചു കഴിഞ്ഞിരുന്നു. ഒരു നെയ്ത് പെരുങ്കുടിയുടെ മകന്‍ മലയാളത്തിന്റെ കാവ്യ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായി അഭിഷേകം ചെയ്തു കഴിഞ്ഞിരുന്നു. 
പിന്നീട് വിമോചന സമരക്കാലത്ത് 'ചാത്തന്‍ പൂട്ടാന്‍ പോകട്ടെ' എന്ന ആക്ഷേപമായി ഒരു സവര്‍ണ്ണശവനാറ്റം തെക്കന്‍ കാറ്റില്‍ പരന്നു.

ഇന്നു വീണ്ടും തൊഴിലിന്റെ പേരില്‍ അടിസ്ഥാന വര്‍ഗ്ഗം അപമാനിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനു കാരണം ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യമാണ്. വര്‍ണ്ണവ്യവസ്ഥയുടെ സംരക്ഷകരായ മനുവാദി സംഘപരിവാര്‍ അധികാരത്തിലെത്തിയതിന്റെ അഹന്ത. ജാതി ജന്മി നാടുവാഴിത്തം ശവക്കുഴിയില്‍ നിന്നു കയറി വരികയാണ്. 'ഞാന്‍ ദൈവത്തെ അടച്ചിടും; അഴിച്ചുവിടും' എന്ന് വീണ്ടും പൗരോഹിത്യ ഗര്‍വ് ജനതക്കു നേരെ ആക്രോശിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ചെത്തുതൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള പുതു തലമുറ ഇന്നു ജീവിത പുരോഗതിയുടെ സമസ്ത മേഖലകളിലും തലയുയര്‍ത്തിപ്പിടിച്ച് വിരാജിക്കുന്നുണ്ട്. പ്രശസ്ത ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ദരും സിവില്‍ സര്‍വ്വീസുകാരും അക്കൂട്ടത്തിലുണ്ട്. അന്തിക്കാട്ടെ ഒരു ചെത്തുതൊഴിലാളിയുടെ മകന്‍ കേരളത്തില്‍ മന്ത്രിയാകണം എന്നത് സഖാവ് കെ.പി.പ്രഭാകരന്റെ സ്വപ്നമായിരുന്നു. കാലില്‍ തൊഴില്‍ ചെയ്ത തഴമ്പുമായി കൃഷ്ണന്‍ കണിയാമ്പറമ്പില്‍ മന്ത്രിയായതോടെ അതു സഫലമായി. 
ഒരു കാര്യം ഉറപ്പ്: പണിയെടുത്തവരും അവരുടെ മക്കളും ഭരണാധികാരികളായപ്പോഴാണ് കേരളത്തിന് അതിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാനായത്.

ആര്‍.എസ്.എസ്. ആവര്‍ത്തിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ആക്ഷേപത്തിനെതിരെ പരമ്പരാഗത തൊഴില്‍ മേഖലയിലെ വീടുകളില്‍ നിന്നു വന്ന പുതു തലമുറ സംഘടിച്ച് പ്രതിഷേധിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇന്ന് വിവിധ കര്‍മ്മരംഗങ്ങളിലുള്ള ചെത്തുതൊഴിലാളികളുടെ മക്കള്‍ ഒത്തുചേരണം. ആദ്യയോഗം തൃശൂരില്‍ തന്നെയാവട്ടെ. ആ കൂട്ടായ്മക്ക് അന്തിക്കാടിന്റെ പോരാട്ട ചരിത്രത്തിന്റെയും തൊഴില്‍ സംസ്‌കാരത്തിന്റെയും പ്രതികമായി നമ്മുടെ മുന്നിലുള്ള മന്ത്രി സഖാവ് വി.എസ്.സുനില്‍കുമാര്‍ നേതൃത്തം നല്‍കണം.

അശോകന്‍ ചരുവില്‍ 
04 01 2019
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com