തന്റെ വാക്കുകള്‍ വളച്ചൊടിച്ചു ; പ്രചാരണം പ്രതിഷേധത്തെ വഴി തിരിച്ചുവിടാനുള്ള സിപിഎമ്മിന്റെ ഗൂഢാലോചനയെന്ന് വി മുരളീധരന്‍

തന്റെ വാക്കുകള്‍ വളച്ചൊടിച്ചു. താന്‍ നടത്തിയെന്ന് പറയപ്പെടുന്നത് സന്ദര്‍ഭത്തിന് യോജിക്കാത്ത തരത്തില്‍ അടര്‍ത്തിയെടുത്ത് നടത്തുന്ന പ്രചരണമാണെന്നും മുരളീധരന്‍
തന്റെ വാക്കുകള്‍ വളച്ചൊടിച്ചു ; പ്രചാരണം പ്രതിഷേധത്തെ വഴി തിരിച്ചുവിടാനുള്ള സിപിഎമ്മിന്റെ ഗൂഢാലോചനയെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി : ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് ഒരു ഇംഗ്ലീഷ് ചാനല്‍ ചര്‍ച്ചയ്ക്കിടെ താന്‍ അനുകൂലിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ബിജെപി നേതാവ് വി മുരളീധരന്‍ എംപി. തന്റെ വാക്കുകള്‍ വളച്ചൊടിച്ചു. താന്‍ നടത്തിയെന്ന് പറയപ്പെടുന്നത് സന്ദര്‍ഭത്തിന് യോജിക്കാത്ത തരത്തില്‍ അടര്‍ത്തിയെടുത്ത് നടത്തുന്ന പ്രചരണമാണെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്റിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ ബിജെപി എംപിമാരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു വി മുരളീധരന്റെ പ്രതികരണം.

ഇംഗ്ലീഷ് ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് താന്‍ പറഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന അഭിപ്രായം സന്ദര്‍ഭത്തിന് യോജിക്കാത്ത തരത്തില്‍ അടര്‍ത്തിയെടുത്തുകൊണ്ട് നടത്തപ്പെടുന്ന പ്രചരണമാണ്. ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് ഭക്തരായ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന സുപ്രിംകോടതിയുടെ നിര്‍ദേശത്തിന്റെ മറപിടിച്ചുകൊണ്ട് പൊലീസ് പരിശീലനം നല്‍കി നക്‌സല്‍ വാദികളും മാവോവാദികളുമായിട്ടുള്ള അവിശ്വാസികളായ രണ്ടു സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചതിന് എതിരായിട്ടുള്ള പ്രതിഷേധത്തെ വഴിതിരിച്ചുവിടാനും, അതില്‍ ആശയക്കുഴപ്പമുണ്ടാക്കാനുമുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗൂഡാലോചനയാണ് ഈ സന്ദര്‍ഭത്തിന് യോജിക്കാത്ത തരത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രകടിപ്പിച്ചു എന്ന പേരില്‍ നടത്തുന്ന പ്രചരണം. 

ഈ വാര്‍ത്തകള്‍ താന്‍ നിഷേധിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ നിഷ്പക്ഷത പാലിക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്ത്രീ പ്രവേശനത്തിന് അനുകൂലമോ പ്രതികൂലമോ ആയിട്ടുള്ള നിലപാടുകള്‍ വ്യക്തിപരമായിട്ടുണ്ടാകാം. പക്ഷെ അത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ട് പ്രകടിപ്പിക്കേണ്ട തല്ലെന്ന് മുരളീധരന്‍ പറഞ്ഞു. കേരളത്തിനകത്തും പുറത്തുമുള്ള കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിക്കൊണ്ട് കേരളത്തിലെ മുഖ്യമന്ത്രി നടത്തിയിട്ടുള്ള ഈ നാടകം തുറന്നുകാണിക്കുക, മനുഷ്യാവകാശങ്ങളുടെ ലംഘനം തുറന്നുകാണിക്കുക, മതവികാരങ്ങള്‍ വ്രണപ്പെടുത്താനുള്ള നീക്കങ്ങള്‍ തുറന്നുകാണിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളതെന്നും വി മുരളീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com