രണ്ടുപേര്‍ കയറിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് ഒരാള്‍ കയറിയപ്പോള്‍ ഹര്‍ത്താലില്ലേ? ശ്രീലങ്കന്‍ യുവതി മല ചവിട്ടിയെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

ശബരിമലയിലെത്തിയ യുവതികളെ നൂലില്‍ക്കെട്ടി താഴ്ത്തിയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
രണ്ടുപേര്‍ കയറിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് ഒരാള്‍ കയറിയപ്പോള്‍ ഹര്‍ത്താലില്ലേ? ശ്രീലങ്കന്‍ യുവതി മല ചവിട്ടിയെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി

കിളിമാനൂര്‍: ശബരിമലയിലെത്തിയ യുവതികളെ നൂലില്‍ക്കെട്ടി താഴ്ത്തിയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദര്‍ശനത്തിന് എത്തിയ യുവതികളെ  ഭക്തര്‍ തടഞ്ഞില്ല. ഭക്തര്‍ക്ക് അയ്യപ്പനെ ദര്‍ശിക്കാന്‍ ഒരു തടസ്സവും നേരിട്ടില്ലെന്നും പ്രശ്‌നം സഷ്ടിക്കുന്നത് സംഘപരിവാറാണെന്നും അദ്ദേഹം പറഞ്ഞു. കിളിമാനൂരില്‍ സിപിഎം കൊടുവഴന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രണ്ടും ഒന്നും തമ്മില്‍ വ്യത്യാസമുണ്ടോ? രണ്ട് സ്ത്രീകള്‍ കയറിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് അതിന്റെ പിന്നാലെ ഒരു സ്ത്രീ കയറിയപ്പോള്‍ ഹര്‍ത്താലില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

എന്തൊക്കെയായിരുന്നു വര്‍ത്തമാനം. ഇനിയേതെങ്കിലും സ്ത്രീ കയറിയാല്‍ അപ്പോഴും ഹര്‍ത്താല്‍ ഉണ്ടാകുമോ? ഏതെങ്കിലും സ്ത്രീ കയറിയാല്‍ ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞ നേതാവ് ഇവിടെയുണ്ട്. നമ്മളാരുടേയും ആത്മാഹുതി ആഗ്രഹിക്കുന്നില്ല. എന്നാലും ആ പരിഹാസ്യത നമ്മള്‍ ആലോചിക്കണം എന്നു മാത്രം- ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു. 

സാധാരണ ശബരിമലയില്‍ പോകുന്ന വഴി ഏതാണോ അതുവഴിയാണ് യുവതികള്‍ പോയത്. ഇവരോടൊപ്പം യാത്ര ചെയ്ത ഭക്തര്‍ക്ക് ആര്‍ക്കും യുവതികള്‍ അങ്ങോട്ട് പോകരുത് എന്ന അഭിപ്രയാമുണ്ടായില്ല. അവര്‍തന്നെ പറഞ്ഞു ഭക്തര്‍ എല്ലാ സൗകര്യവും ഒരുക്കിത്തന്നു. നമ്മുടെ നാട്ടിലെ ഭക്തരുടെ മനോഭാവമാണ് ഇത് വ്യക്തമാക്കുന്നത്-അദ്ദേഹം പറഞ്ഞു. 

യുവതികള്‍ മലചവിട്ടിയതിന് ശേഷം മണിക്കൂറുകളോളം ഒരുതരത്തിലുള്ള പ്രതിഷേധവുമുണ്ടായില്ല. സംഘപരിവാര്‍ ആസൂത്രണം ചെയ്താണ് സംഘര്‍ഷമുണ്ടാക്കിയത്. ഒരു വിശ്വാസിയും ഇതിനെതിരെ പ്രതിഷേധിച്ച് വന്നില്ല. 

ബിജെപി എംപിമാര്‍ തന്നെ പറഞ്ഞു സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്ന്. പിന്നെന്തിനാണ് രണ്ടുദിവസം നാട്ടില്‍ അക്രമം അഴിച്ചുവിട്ടത്. എത്ര പൊതുമുതലാണ് നശിപ്പിക്കപ്പെട്ടത്. കെഎസ്ആര്‍ടിസിക്ക് എത്ര കോടിരൂപയുടെ നഷ്ടമാണുണ്ടായത്. ഒറ്റപ്പെട്ട സംഭവം ആയിരുന്നില്ല. സംഘപരിവാര്‍ പ്രത്യേക പരിശീലനം ലഭി്ച്ച അക്രമികളെ രംഗത്തിറക്കുകയായിരുന്നു.ഈ കൂട്ടര്‍ക്ക് വല്ല ബഹുജന പിന്തുണയുമുണ്ടായോ? 

കുറച്ചുകഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ തന്നെ സംഘടിച്ച് ചെന്നു. വാളുകളുമായി നാട്ടുകാരെ അക്രമിക്കാന്‍ ചെന്നവര്‍ ഓടുന്നത് കണ്ടില്ലെ. അത്രയേ ഉള്ളു ഇവരുടെ ശൂരവീര പരാക്രമം. നാട്ടുകാരൊന്ന് ആഞ്ഞ് ഇവരുടെ നേരെ ചെന്നപ്പോള്‍ അപ്പോള്‍ ഓടുന്ന കാഴ്ചയാണ് കണ്ടത്. സിപിഎമ്മിന്റെയും സിപിഐയുടെയും ഓഫീസുകള്‍, പൊതു ഓഫീസുകള്‍ തകര്‍ക്കുന്ന നിലയുണ്ടായി. എന്താണ് ഉദ്ദേശം? നമ്മുടെ നാട്ടില്‍ എന്തെങ്കിലും തരത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കണം. ഇവിടെ വലിയ പ്രശ്‌നങ്ങള്‍ ആണെന്ന് വരുത്തി തീര്‍ക്കണം. ഇത്രവലിയ പ്രകോപനമുണ്ടാക്കാന്‍ കാരണം സ്ത്രീ പ്രവേശനം മാത്രമല്ല. വനിതാ മതില്‍ ചരിത്രമായതിന്റെ അസഹിഷ്ണുതയാണെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com