ശബരിമലയിലെത്തിയ ട്രാന്‍സ്‌ജെന്‍ഡറിന് നേരെ പ്രതിഷേധം; ദര്‍ശനം നടത്താതെ മടങ്ങി 

23കാരിയായ തേനി സ്വദേശി കയലിനാണ് ദര്‍ശനം നിഷേധിക്കപ്പെട്ടത്
ശബരിമലയിലെത്തിയ ട്രാന്‍സ്‌ജെന്‍ഡറിന് നേരെ പ്രതിഷേധം; ദര്‍ശനം നടത്താതെ മടങ്ങി 

പമ്പ: ശബരിമല ദര്‍ശനം നടത്താനാവാതെ ട്രാന്‍സ്‌ജെന്‍ഡര്‍ മടങ്ങി. 23കാരിയായ തേനി സ്വദേശി കയലിനാണ് ദര്‍ശനം നിഷേധിക്കപ്പെട്ടത്. മലകയറാനെത്തിയ ഇവര്‍ക്ക് നേരെ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്നാണ് മടങ്ങേണ്ടിവന്നത്.

പുലര്‍ച്ചെ ആറരയോടെയാണ് ദര്‍ശനത്തിനായി കയല്‍ പമ്പയില്‍ എത്തിയത്. കാനനപാതയിലേക്കുള്ള വഴിയില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധമുണ്ടായത്. ആദ്യം സാരിയുടുത്ത് എത്തിയ കയല്‍ വസ്ത്രം മാറുന്നതിനിടെയാണ് പ്രതിഷേധം ആരംഭിച്ചത്.

ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 17 വര്‍ഷമായി താന്‍ ശബരിമല ചവിട്ടുന്നതാണെന്നു കയല്‍ മാധ്യമങ്ങളോട് പറഞ്ഞു.  നിലവിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരിച്ച് പോകുകയാണെന്ന് ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ ശബരിമലയിലെത്തിയ ശ്രീലങ്കന്‍ യുവതിക്കും ദര്‍ശനം നടത്താതെ മടങ്ങേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെയാണ് കയലിനും ദര്‍ശനം സാധ്യമാകാതിരുന്നത്. പതിനെട്ടാം പടിക്ക് അടുത്തുവരെ എത്തിയിട്ടാണ് ശ്രീലങ്കന്‍ യുവതി ശശികലയ്ക്ക് മടങ്ങേണ്ടിവന്നത്. പതിഷേധത്തെതുടര്‍ന്നല്ല മറിച്ച് പൊലീസ് ആവശ്യപ്പെട്ടതിനാലാണ് താന്‍ മടങ്ങിയതെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നേരെ കാര്യമായ പ്രതിഷേധമൊന്നും ഉയര്‍ന്നിരുന്നില്ലെന്നും പൊലീസ് അനുമതിയോടെയാണ് മലകയറാന്‍ തുടങ്ങിയതെന്നും ഇവര്‍ പറഞ്ഞു. 

വ്രതം നോറ്റ് ശബരിമലയിലെത്തിയ തനിക്ക് പൊലീസ് ദര്‍ശനം നിഷേധിച്ചെന്നാണ് 47 കാരിയായ ശശികല മാധ്യമങ്ങളോട് പറഞ്ഞത്. മരക്കൂട്ടത്ത് നിന്ന് പൊലീസ് തിരിച്ചയക്കുകയായിരുന്നുവെന്നും യുവതി പ്രതികരിച്ചു. സന്നിധാനത്ത് എത്തിയ യുവതി ദര്‍ശനം നടത്തിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശശികല ഭര്‍ത്താവിനും മകനുമൊപ്പമാണ് ശബരിമലയിലെത്തിയത്. ഒന്‍പതരയോടെ ദര്‍ശനം നടത്തിയെന്നും  ഇവര്‍ പതിനൊന്ന് മണിയോടെ മലയിറങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകളിലെ ഉള്ളടക്കം. ഇത് നിഷേധിച്ച്് യുവതി പുലര്‍ച്ചെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com