ശബരിമല ലോക്‌സഭയില്‍ ; കേന്ദ്രം നിയമനിര്‍മ്മാണം നടത്തണമെന്ന് വേണുഗോപാല്‍ ; എത്തുന്നത് അവിശ്വാസികളായ ആക്ടിവിസ്റ്റുകളെന്ന് മീനാക്ഷി ലേഖി

മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അവകാശമില്ലെന്ന് മീനാക്ഷി ലേഖി 
ശബരിമല ലോക്‌സഭയില്‍ ; കേന്ദ്രം നിയമനിര്‍മ്മാണം നടത്തണമെന്ന് വേണുഗോപാല്‍ ; എത്തുന്നത് അവിശ്വാസികളായ ആക്ടിവിസ്റ്റുകളെന്ന് മീനാക്ഷി ലേഖി


ന്യൂഡല്‍ഹി : ശബരിമല വിഷയത്തില്‍ ലോക്‌സഭയിലും ചൂടേറിയ ചര്‍ച്ച.ശൂന്യവേളയില്‍ കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാലാണ് വിഷയം ഉന്നയിച്ചത്. സമാധാനപരമായി തീര്‍ത്ഥാടനം നടത്താനാവാത്ത സാഹചര്യമാണ് ശബരിമലയില്‍ നിലവിലുള്ളത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വ്യാപകമായ ആക്രമണം നടന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ ശബരിമല വിഷയത്തില്‍ ചരിത്രപരമായ വിധിയാണ് സുപ്രിംകോടതിയില്‍ നിന്നും ഉണ്ടായതെന്ന് സിപിഎം എംപി പി കരുണാകരന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് യാതൊതു വിവേചനവും പാടില്ലെന്നാണ് കോടതി വിധി പ്രസ്താവിച്ചത്. ജനുവരി ഒന്നിന് കേരളത്തില്‍ നവോത്ഥാനം വിളിച്ചോതി ലക്ഷക്കണക്കിന് സ്ത്രീകളാണ് വനിതാമതിലില്‍ അണിചേര്‍ന്നതെന്നും പി കരുണാകരന്‍ പറഞ്ഞു. 

തുടര്‍ന്ന് സംസാരിച്ച ബിജെപി എംപി മീനാക്ഷി ലേഖി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ശബരിമലയില്‍ ദൈവവിശ്വാസികളല്ലാത്തവരാണ് പ്രശ്‌നം വഷളാക്കിയതെന്ന് മീനാക്ഷി ലേഖി പറഞ്ഞു.  ആക്ടിവിസ്റ്റുകളെ എത്തിച്ച് വിശ്വാസികളെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നു.

വിശ്വാസികളല്ലാത്ത, ആക്ടിവിസ്റ്റുകളായ രണ്ടുപേരെ സര്‍ക്കാര്‍ തന്നെ ശബരിമലയില്‍ കൊണ്ടുപോകുന്നു. വിശ്വാസികള്‍ക്ക് മേല്‍ സര്‍ക്കാരിന്റെ കടന്നുകയറ്റമാണ്. ഇത് അനുവദിക്കാനാകില്ല. യുവതികളെ ആംബുലന്‍സിലാണ് സര്‍ക്കാര്‍ കൊണ്ടുപോയത്.മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അവകാശമില്ല. വിശ്വാസികളായ ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മീനാക്ഷി ലേഖി ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com