കുറഞ്ഞ താപനില ശരാശരിയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവ്; വരും ദിവസങ്ങളിലും കേരളം തണുത്ത് വിറയ്ക്കും; ഉച്ചസമയത്ത് ചൂട് കനക്കും; വിദഗ്ധര്‍ പറയുന്നു
By സമകാലികമലയാളം ഡെസ്‌ക് | Published: 05th January 2019 05:23 AM |
Last Updated: 05th January 2019 05:23 AM | A+A A- |

തിരുവനന്തപുരം: ജനുവരിയില്‍ പതിവിലേറെ തണുപ്പുമായി കേരളം. കുറഞ്ഞ താപനില ശരാശരിയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു. അതേസമയം മേഘങ്ങളില്ലാത്തതും ഈര്‍പ്പം കുറഞ്ഞതും മൂലം ഉച്ചസമയത്ത് കടുത്ത ചൂടും അനുഭവപ്പെടുന്നു.
ഉത്തരധ്രുവത്തില്‍ നിന്നുള്ള ശൈത്യതരംഗമാണ് തണുപ്പുകൂടാന്‍ കാരണമെന്നാണ് കാലാവസ്ഥവിദഗ്ദരുടെ അഭിപ്രായം. കാലാവസ്ഥ കേന്ദ്രത്തിന്റെ കണക്കുപ്രകാരം കോട്ടയത്താണ് ഇത്തവണ താപനില ശരാശരിയില്‍ നിന്ന് ഏറ്റവും അധികം കുറഞ്ഞത്. 4.5 ഡിഗ്രി സെല്‍ഷ്യസ് വരെ. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ മൂന്ന് ഡിഗ്രി വരെയും ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ രണ്ട് ഡിഗ്രിവരെയും കുറഞ്ഞു. എന്നാല്‍ പാലക്കാട് താഴ്ന്ന താപനില 1.8 ഡിഗ്രി ഉയരുകായാണ് ചെയ്തത്. ഉയര്‍ന്ന താപനിലയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
മേഘങ്ങളുടെ തടസമില്ലാത്തതിനാല്‍ വെയിലിന്റെ തീവ്രത നേരിട്ട് അനുഭവിക്കേണ്ടി വരുന്നു എന്നുമാത്രം. ഈര്‍പ്പം ശരാശരിയില്‍ നിന്ന് 19 ശതമാനം വരെ കുറയുകയും ചെയ്തു. ഉത്തരധ്രുവത്തില്‍ നിന്നുള്ള ശൈത്യരംഗം ഇന്ത്യ ഉള്‍പ്പടെയുള്ള മേഖലയിലേക്ക് കടന്നതാണ് രാജ്യവ്യാപകമായി തണുപ്പ് കൂടാന്‍ ഇടയാക്കിയത്. ഏതാനും ദിവസം കൂടി ശക്തമായ തണുപ്പുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം