സന്നിധാനത്തേക്ക് കൂടുതൽ യുവതികൾ; 20 സ്ത്രീകളടക്കം 42 പേർ ചെക്ക് റിപ്പബ്ലിക്കിൽ നിന്നെത്തും; ജാ​ഗ്രതയോടെ പൊലീസ്

ശബരിമല ദര്‍ശനത്തിനായി ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് 42 പേരെത്തുന്നു. 20 സ്ത്രീകളും 22 പുരുഷന്‍മാരുമാണ് സംഘത്തിലുള്ളത്
സന്നിധാനത്തേക്ക് കൂടുതൽ യുവതികൾ; 20 സ്ത്രീകളടക്കം 42 പേർ ചെക്ക് റിപ്പബ്ലിക്കിൽ നിന്നെത്തും; ജാ​ഗ്രതയോടെ പൊലീസ്

കൊച്ചി: ശബരിമലയില്‍ മകരവിളക്ക് കാലത്ത് കൂടുതല്‍ യുവതികള്‍ മല ചവിട്ടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കാനൊരുങ്ങി പൊലീസ്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ യുവതികള്‍ എത്തുന്നത് വലിയ പ്രതിഷേധത്തിനിടയാക്കുമെന്ന ആശങ്ക പൊലീസിനുണ്ട്. കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. മകരവിളക്കുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ബെഹ്‌റ പറഞ്ഞു. 

നിലവില്‍ കേരളത്തിലെ വിവിധ കൂട്ടായ്മകള്‍ മകരവിളക്ക് തീരും മുന്‍പ് തന്നെ യുവതികളുമായി ശബരിമല ചവിട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.  
  
അതേസമയം ആദിവാസി, ദളിത് യുവതികളുടെ നേതൃത്വത്തില്‍ ജനുവരി ആദ്യവാരം സന്നിധാനത്തേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ചതായി കണ്‍വീനര്‍ എം ഗീതാനന്ദന്‍ വ്യക്തമാക്കി. കനക ദുര്‍ഗയും ബിന്ദും പ്രവേശിച്ചതിനാലാണ് മകരവിളക്കിന് മലക്ക് പോകേണ്ടെന്ന തീരുമാനം സമിതി എടുത്തിരിക്കുന്നത്. മകരവിളക്കിന് ശേഷം യുവതികളെ പ്രവേശിപ്പിക്കാമെന്നാണ് പുതിയ തീരുമാനം. 

മകരവിളക്ക് ദിവസം ബ്രാഹ്മണാധിപത്യത്തിനും ജാതീയതയ്ക്കുമെതിരായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഗീതാനന്ദന്‍ വ്യക്തമാക്കി. അതിന്റെ ഭാഗമായി തന്ത്ര സമുച്ചയം പുസ്തകം കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തും. 

അതിനിടെ ശബരിമല ദര്‍ശനത്തിനായി ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് 42 പേരെത്തുന്നു. 20 സ്ത്രീകളും 22 പുരുഷന്‍മാരുമാണ് സംഘത്തിലുള്ളത്. ഈയാഴ്ച കന്യാകുമാരിയിലെത്തുന്ന സംഘം അവിടെ നിന്ന് ഇരുമുടികെട്ടുമായി മല ചവിട്ടാനാണ് തയ്യാറെടുക്കുന്നത്. ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടത്തിയ സംഘം ഈ മാസം ഏഴിന് സന്നിധാനത്തെത്തും. 

തോമസ് പീറ്ററാണ് സംഘത്തെ നയിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം ഇക്കഴിഞ്ഞ ഡിസംബര്‍ 26ന് കേരളത്തിലെത്തി ശബരിമലയിലെ രീതികളെ സംബന്ധിച്ച് കൂടുതല്‍ മനസിലാക്കി മടങ്ങിയിരുന്നു. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അയ്യപ്പന്‍ ഇതിഹാസമാണെന്നും അതില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് ദര്‍ശനത്തിനായി ഒരുങ്ങുന്നതെന്നും തീര്‍ഥാടകരില്‍ ഒരാളായ മെര്‍ലസ് വ്യക്തമാക്കി. ശബരിമലയിലെ ആചാരങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. മറ്റുള്ള തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെ ദര്‍ശനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു.  

യുവതി പ്രവേശന വിഷയത്തില്‍ സമരം ശക്തമാക്കാന്‍ ശബരിമല കര്‍മ സമിതിയും തീരുമാനിച്ചിട്ടുണ്ട്. തന്ത്രിക്ക് പിന്തുണ നല്‍കാനും യുവതികളുടെ പ്രവേശം വിലക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി വലിയ പ്രചാരണങ്ങള്‍ സംഘടിപ്പിക്കാനും സമിതി ഒരുങ്ങുകയാണ്. 

ക്ഷേത്രാചാരങ്ങള്‍ അട്ടിമറിക്കാന്‍ എസ്ഡിപിഐ, പിഎഫ്‌ഐ, മാവോയിസ്റ്റ് സംഘടനങ്ങള്‍ വ്യാപകമായി ശബരിമലയെ ഉപയോഗപ്പെടുത്തുന്നതായി കര്‍മ സമിതി കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാന്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com