കണ്ണൂരില്‍ അക്രമപരമ്പര; ഷംസീറിന്റെ വീടാക്രമണത്തില്‍ പങ്കില്ലെന്ന് ബിജെപി, ആര്‍എസ്എസ് വിഭാഗ് സംഘചാലകിന്റെ വീടിന് നേരെയും ആക്രമണം, കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

തലശേരി എംഎല്‍എ എ എന്‍ ഷംസീറിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി
കണ്ണൂരില്‍ അക്രമപരമ്പര; ഷംസീറിന്റെ വീടാക്രമണത്തില്‍ പങ്കില്ലെന്ന് ബിജെപി, ആര്‍എസ്എസ് വിഭാഗ് സംഘചാലകിന്റെ വീടിന് നേരെയും ആക്രമണം, കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

കണ്ണൂര്‍: തലശേരി എംഎല്‍എ എ എന്‍ ഷംസീറിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ബോംബേറിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന ഷംസീറിന്റെ ആരോപണത്തിന് പിന്നാലെയാണ് വിശദീകരണവുമായി ബിജെപി രംഗത്തെത്തിയത്. ജില്ലയില്‍ വ്യാപകമായി ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സിപിഎമ്മുകാര്‍ തകര്‍ക്കുകയാണെന്നും ഭരണത്തിന്റെ മറവില്‍ കലാപം അഴിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ നുണപ്രചാരണം നടത്തുകയാണെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

നേരത്തെ ആര്‍എസ്എസ് വിഭാഗ് സംഘചാലക് കൊളക്കാട്ട് ചന്ദ്രശേഖരന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. പതിനഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ചന്ദ്രശേഖരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജെപിയുടെ പുതിയ തേരിലുള്ള ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു. വരാന്തയില്‍ കിടന്നുറുങ്ങുകയായിരുന്ന ആളിന് സാരമായി പൊള്ളലേറ്റിരുന്നു.

അതേസമയം ജില്ലയില്‍ അക്രമം വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ പൊലീസുകാരോട് ലീവുകളും ഓഫുകളും ഒഴിവാക്കി ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ പൊലീസ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തലശേരി, ഇരിട്ടി പ്രദേശങ്ങളിലാണ് ഇവരെ വിന്യസിച്ചത്. കോഴിക്കോട്ടുനിന്നും വയനാട്ടില്‍ നിന്നും കൂടുതല്‍ പൊലീസുകാരെയും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വിന്യസിക്കും. 

തലശേരി എംഎല്‍എ എ എന്‍ ഷംസീറിന് പിന്നാലെ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ വീടിന് നേരെയും ബോംബെറിഞ്ഞു. തലശേരി കോടതി പരിസരത്തുളള ശശിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com