നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് പിണറായി വഞ്ചിച്ചു; സര്‍ക്കാരിനെതിരെ പ്രീതി നടേശന്‍

ഇരുട്ടില്‍ രഹസ്യമായല്ല നവോത്ഥാനം സംഭവിക്കേണ്ടത്. സ്ത്രീകളെ തലമൂടി രഹസ്യമായി കൊണ്ടുവരുന്നത് നവോത്ഥാനമല്ല
നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് പിണറായി വഞ്ചിച്ചു; സര്‍ക്കാരിനെതിരെ പ്രീതി നടേശന്‍

കൊച്ചി: രണ്ടാം നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് പിണറായി സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍. വനിതാ മതിലിനു പിറ്റേന്ന്, പൊലീസ് സുരക്ഷയില്‍ രണ്ടു യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ വിഷമമുണ്ടെന്നും ടൈംസ് ഒഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ പ്രീതി നടേശന്‍ പറയുന്നു. പ്രീതി നടേശന്‍ വനിതാ മതിലില്‍ പങ്കെടുത്തിരുന്നു.

യുവതികള്‍ ശബരിമലയില്‍ കയറിയതിനെ നവോത്ഥാനമെന്നു വിളിക്കാനാവില്ലെന്ന് പ്രീതി നടേശന്‍ ലേഖനത്തില്‍ കുറ്റപ്പെടുത്തി. ഇത്രയും പ്രതിഷേധങ്ങളും രക്തച്ചൊരിച്ചിലും നടക്കുമ്പോള്‍ അതെങ്ങനെ സാധ്യമാവും? - പ്രീതി നടേശന്‍ ചോദിക്കുന്നു.

ഞങ്ങള്‍ ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്നവരാണ്. എസ്എന്‍ഡിപി യോഗം ഭക്തര്‍ക്കൊപ്പമാണ്. വെള്ളാപ്പള്ളി നടേശന്‍ അത് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളുടെ സ്ത്രീകള്‍ ആരും ശബരിമലയ്ക്കു പോവില്ലെന്ന് സുപ്രിം കോടതി വിധി വന്നതിനു പിന്നാലെ തന്നെ വ്യക്തമാക്കിയതാണ്. വിശ്വാസമുള്ള, ആചാരങ്ങള്‍ പാലിക്കുന്ന ഒരു സ്ത്രീയും ശബരിമലയിലേക്കു പോവില്ല. ആക്ടിവിസ്റ്റുകള്‍ ചിലപ്പോള്‍ പോയേക്കും-ലേഖനത്തില്‍ പറയുന്നു.

ഞങ്ങള്‍ ശ്രീനാരായണ ധര്‍മം പാലിക്കുന്നവരാണ്. മാസമുറയ്ക്കു ശേഷം സ്ത്രീകള്‍ ശുദ്ധി വരുത്തണമെന്നും ഏഴു ദിവസം കഴിഞ്ഞേ ക്ഷേത്രത്തില്‍ കയറാവൂ എന്നും ഗുരുസ്മൃതിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ ദിവസങ്ങളില്‍ ഉപയോഗിച്ച വസ്തുക്കള്‍ പോലും ശുദ്ധി വരുത്തണമെന്ന് അതിലുണ്ട്. കേരളത്തില്‍ ആരും പല്ലു തേയ്ക്കാതെയും കുളിക്കാതെയും അമ്പലത്തില്‍ പോവാറില്ല. അതുപോലെ തന്നെയാണ് ഇതും. അത് അനാചാരമല്ല. സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് പ്രീതി നടേശന്‍ പറയുന്നു.

ഇരുട്ടില്‍ രഹസ്യമായല്ല നവോത്ഥാനം സംഭവിക്കേണ്ടത്. സ്ത്രീകളെ തലമൂടി രഹസ്യമായി കൊണ്ടുവരുന്നത് നവോത്ഥാനമല്ല. ക്ഷേത്രങ്ങളില്‍ ആചാരങ്ങള്‍ മാറിയിട്ടുണ്ട്. അത് സമയമെടുത്തു സംഭവിക്കുന്നതാണ്. ഭരണഘടനാ ഭേദഗതികള്‍ പോലും ഏറെ ചര്‍ച്ചയ്ക്കും സംവാദത്തിനും ശേഷമാണ് നടപ്പാക്കുന്നത്. ഇപ്പോള്‍ സംഭവിച്ചതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നതില്‍ സംശയമില്ല.

മുഖ്യമന്ത്രി കടുത്ത നിലപാടില്‍നിന്ന് ഇറങ്ങിവരണമെന്ന് ലേഖനത്തില്‍ പറയുന്നു. സ്ത്രീകളെ പ്രവേശിപ്പിച്ചതിലൂടെ വനിതാ മതില്‍ കെട്ടി പിറ്റേന്നു തന്നെ മുഖ്യമന്ത്രി അതിന്റെ ബലം ഇല്ലാതാക്കി. വനിതാ മതിലിന്റെ സ്വീകാര്യതയിലൂടെ മുഖ്യമന്ത്രി നേടിയെടുത്ത പ്രഭ ഇപ്പോള്‍ ഇല്ലാതായെന്നും പ്രീതീ നടേശന്‍ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com