'പാതിരാത്രിയില്‍ ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കും പറ്റും' ; രാത്രിയില്‍ യുവതികളെ ദര്‍ശനത്തിന് എത്തിച്ചതിനെതിരെ ജി മാധവന്‍ നായര്‍

സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടിയായിരുന്നു അത്. പാതിരാത്രി ആര്‍ക്കു വേണമെങ്കിലും അങ്ങനെ ചെയ്യാന്‍ കഴിയും
'പാതിരാത്രിയില്‍ ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കും പറ്റും' ; രാത്രിയില്‍ യുവതികളെ ദര്‍ശനത്തിന് എത്തിച്ചതിനെതിരെ ജി മാധവന്‍ നായര്‍

തിരുവനന്തപുരം : ഇരുട്ടിന്റെ മറവില്‍ യുവതികളെ ശബരിമല ദര്‍ശനത്തിനെത്തിച്ച നടപടി ഭീരുത്വമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടിയായിരുന്നു അത്. പാതിരാത്രി ആര്‍ക്കു വേണമെങ്കിലും അങ്ങനെ ചെയ്യാന്‍ കഴിയും. ഇരുട്ടിന്റെ മറപിടിച്ചുള്ള ഈ നടപടി ഭീരുത്വമാണെന്നും മാധവന്‍ നായര്‍ പറഞ്ഞു. 

സുപ്രിം കോടതി വിധിയെ തുടര്‍ന്ന് ആദ്യമുണ്ടായ പ്രശ്‌നങ്ങള്‍ക്കു ശേഷം നിലവില്‍ വന്ന സമാധാന അന്തരീക്ഷം പൂര്‍ണമായും തകര്‍ക്കപ്പെട്ടു. രജസ്വലകള്‍ ശബരിമലയില്‍ പോകരുതെന്നത് ഭക്തരുടെ വിശ്വാസവും ആചാരവുമാണ്. അത് ബഹുമാനിക്കുകയാണ് വേണ്ടത്. ഇതില്‍ ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കരുതുന്നില്ല. 

സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും അവരുടേതായ ആചാരങ്ങളുണ്ട്. അതില്‍ സര്‍ക്കാരോ കോടതിയോ ഇടപെടുന്നുണ്ടോ? എന്തു കൊണ്ടാണ് ഹിന്ദുക്കളെ മാത്രം ലക്ഷ്യമിടുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും മാധവന്‍ നായര്‍ കുറ്റപ്പെടുത്തി. 

പ്രളയത്തില്‍ സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. പുനര്‍നിര്‍മാണവും പുനരധിവാസവും ഒച്ചിഴയുന്ന വേഗത്തിലാണു പുരോഗമിക്കുന്നത്. അത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടണെന്നും മാധവന്‍ നായര്‍ പറഞ്ഞു.

ബിജെപിയുടെ സംഘടനാ സംവിധാനത്തില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ല. കേരളവികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ബൗദ്ധികപിന്തുണ നല്‍കുകയാണു ലക്ഷ്യമെന്നും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ജി മാധവന്‍ നായര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com