തണുപ്പ് നാലു ദിനം കൂടി തുടരും ; വരള്‍ച്ചയുമായി ബന്ധമില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2019 09:35 AM |
Last Updated: 06th January 2019 09:35 AM | A+A A- |

തിരുവനന്തപുരം : കേരളത്തില്‍ വര്‍ധിച്ച തണുപ്പ് നാലു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ത്യ മുഴുവന്‍ അനുഭവപ്പെടുന്ന ശൈത്യത്തിന്റെ ഭാഗമാണിത്. കേരളത്തില്‍ വര്‍ധിച്ച തണുപ്പിന് വരള്‍ച്ചയുമായി ബന്ധമില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൊടിയ വരള്‍ച്ചയ്ക്ക് മുന്നോടിയാണ് ഇപ്പോഴത്തെ വര്‍ധിച്ച തണുപ്പെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നാലുദിവസം കൂടിയേ അസ്വാഭാവികമായ തണുപ്പുണ്ടാകൂവെന്നും അറിയിച്ചു.
പതിവില്‍ നിന്നും വിപരീതമായി കുറഞ്ഞ താപനില ശരാശരിയില്‍ നിന്ന് രണ്ട് ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞിരിക്കുന്നത്. കോട്ടയം ജില്ലയിലൊഴികെ മറ്റൊരിടത്തും റെക്കോഡ് കുറവ് രേഖപ്പെടുത്തിയിട്ടില്ല. താപനില ശരാശരിയില്‍ ഇന്നലെ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പുനലൂരിലും കൊച്ചി വിമാനത്താവളത്തിലുമാണ്. 16.5 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.
എന്നാല്‍ പുനലൂരില്‍ കുറഞ്ഞ താപനിലയുമായി ബന്ധപ്പെട്ട റെക്കോഡ് 12.9 ഡിഗ്രിയാണെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് അറിയിച്ചു.