പേരാമ്പ്രയില്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം : സിപിഎം നേതാവ് അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2019 11:24 AM |
Last Updated: 06th January 2019 11:24 AM | A+A A- |
കോഴിക്കോട് : പേരാമ്പ്രയില്‍ മുസ്ലിം പള്ളിക്ക് നേരെ കല്ലേറ് ഉണ്ടായ സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ പന്നിമുക്ക് മാണിക്കോത്ത് അതുല്‍ദാസാണ് അറസ്റ്റിലായത്. ഇയാള്‍ ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി ഭാരവാഹി കൂടിയാണ്.
ഹര്‍ത്താല്‍ ദിവസം വൈകീട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്. പേരാമ്പ്ര ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടന്നിരുന്നു. ഈ പ്രകടനത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. പേരാമ്പ്ര- വടകര റോഡില്‍ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് സമീപത്തെ മുസ്ലിം ലീഗ് ഓഫീസിനും അടുത്തുള്ള ജുമാ മസ്ജിദിനും നേര്‍ക്ക് കല്ലേറുണ്ടായത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു. സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തെ തുടര്‍ന്ന് പേരാമ്പ്രയിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്.