ഹര്‍ത്താല്‍ അക്രമം : പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടിക്കൊരുങ്ങി പൊലീസ് ; സിവില്‍ കേസെടുപ്പിക്കാന്‍ നീക്കം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2019 10:03 AM |
Last Updated: 06th January 2019 10:03 AM | A+A A- |

തിരുവനന്തപുരം : ഹര്‍ത്താല്‍ ദിനത്തില്‍ സ്വകാര്യ വസ്തുവകകള്‍ നശിപ്പിച്ച കേസുകളില്‍ പ്രതികളുടെ സ്വത്തു കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കു നിര്‍ദേശം. പൊലീസ് ആസ്ഥാനത്തു നിന്നുമാണ് നിര്‍ദേശം നല്‍കിയത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പരാതിക്കാരെക്കൊണ്ടു സിവില്‍ കേസ് കൂടി കൊടുപ്പിക്കാനാണ് തീരുമാനം.
ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഇരുനൂറിലേറെ കേസുകളിലായി ഏകദേശം 4000 പ്രതികളുണ്ട്. എന്നാല്‍ പൊതുമുതല്‍ നശീകരണ നിയമപ്രകാരം അറസ്റ്റിലായവര്‍ നിലവില്‍ കുറവാണ്. അതിനാല്‍ തന്നെ അറസ്റ്റിലായവരില്‍ ഭൂരിപക്ഷവും ജാമ്യത്തിലിറങ്ങി. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ സ്വകാര്യ വ്യക്തികളുടെ വാഹനങ്ങള്‍, ഓഫിസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഇവ പൊതുമുതല്‍ അല്ലാത്തതിനാല്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനേ പൊലീസിന് കഴിയൂ. പൊതുമുതല്‍ നശീകരണ നിരോധന നിയമം ചുമത്താന്‍ കഴിയില്ല.
ഈ സാഹചര്യത്തിലാണ് സ്വത്ത് വകകള്‍ നഷ്ടപ്പെട്ടവരോട് പ്രതികള്‍ക്കെതിരെ സിവില്‍ കേസ് കൂടി കൊടുക്കാന്‍ പൊലീസ് ആവശ്യപ്പെടുന്നത്. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉള്ളതിനാല്‍ സിവില്‍ കേസ് കൂടി വന്നാല്‍ സ്വത്തു കണ്ടുകെട്ടുന്ന നടപടി ആരംഭിക്കാനാകും. ഹര്‍ത്താലിന് അക്രമം കാണിക്കുന്നവരുടെയും പൊതുമുതല്‍ നശിപ്പിക്കുന്നവരുടെയും സ്വത്തു കണ്ടുകെട്ടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തേ വ്യക്തമാക്കിയിരുന്നു.