അക്രമം : സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും ; സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പൊലീസിന് നിര്‍ദേശം ; അറസ്റ്റിലായത് 3493 പേര്‍

ക്രമസമാധാനനില സംബന്ധിച്ച് ഗവര്‍ണറോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്
അക്രമം : സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും ; സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പൊലീസിന് നിര്‍ദേശം ; അറസ്റ്റിലായത് 3493 പേര്‍

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് കേരളത്തിലുണ്ടായ സംഘര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും. ചെന്നൈയിലേക്കുപോയ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഇന്ന് തിരികെയെത്തും. ഇന്നുതന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് കൈമാറുമെന്നാണ് സൂചന.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഗവര്‍ണര്‍, മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പൊതുസ്വകാര്യ സ്വത്തുക്കള്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ വിവരങ്ങള്‍ അടക്കമുള്ള റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അതിനിടെ ക്രമസമാധാനനില സംബന്ധിച്ച് ഗവര്‍ണറോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും ഗവര്‍ണര്‍ കേന്ദ്രത്തിന് രേഖാമൂലം വിശദമായ മറുപടി നല്‍കുക.

യുവതീപ്രവേശവുമായി ബന്ധപ്പെട്ടുള്ള ഹര്‍ത്താലിനെ തുടര്‍ന്നുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനും റവന്യൂവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കിയെങ്കിലും സമഗ്രമായിരുന്നില്ല. കെഎസ്ആര്‍ടിസിക്കുണ്ടായ നാശനഷ്ടംപോലും ഇതിലുണ്ടായില്ല. തുടര്‍ന്നാണ് വിശദറിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദേശിച്ചത്. ഇത്തരത്തില്‍ വിശദമായ റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കുക. 

അതേ സമയം അക്രമ സംഭവങ്ങളെ തുടര്‍ന്നുള്ള അറസ്റ്റുകള്‍ തുടരുകയാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 3,493 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി അറിയിച്ചു. ഇവരില്‍ 487 പേര്‍ റിമാന്‍ഡില്‍ ആണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 1,286 കേസുകളിലാണ് അറസ്റ്റുകള്‍ തുടരുന്നത്. 37,979 പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 2795 പേര്‍ക്ക് ജാമ്യം ലഭിച്ചു. കൂടുതല്‍ അറസ്റ്റുകള്‍ ഇന്നും ഉണ്ടാകുമെന്ന് പൊലീസ് സൂചിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com