അക്രമങ്ങള്‍ വിനോദ സഞ്ചാര മേഖലയെ തകര്‍ക്കുന്നു ; മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ കേരളം അപമാനിക്കപ്പെടുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍

കേരളത്തില്‍ പോകുമ്പോള്‍ ജാഗ്രത വേണമെന്ന് ടൂറിസ്റ്റുകള്‍ക്ക് വിദേശരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ്
അക്രമങ്ങള്‍ വിനോദ സഞ്ചാര മേഖലയെ തകര്‍ക്കുന്നു ; മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ കേരളം അപമാനിക്കപ്പെടുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍


തിരുവനന്തപുരം : കേരളത്തിലെ വിനോദസഞ്ചാര മേഖലയെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത വാഹനം കല്ലെറിഞ്ഞത് ഇതിന്റെ ഭാഗമാണ്. ടൂറിസ്റ്റുകളെ ആക്രമിക്കുന്നത് നാടിന് അപമാനകരമാണ്. കേരളത്തില്‍ പോകുമ്പോള്‍ ജാഗ്രത വേണമെന്ന് ടൂറിസ്റ്റുകള്‍ക്ക് വിദേശരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഇത് മൂലം മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ കേരളം അപമാനിക്കപ്പെടുകയാണെന്ന് മന്ത്രി വ്യക്തമാക്കി. 

വിനോദ സഞ്ചാര മേഖല തകര്‍ന്നാല്‍ നമ്മുടെ സാമ്പത്തിക മേഖലയാണ് തകരുന്നത്. നമ്മുടെ ജിഡിപിയുടെ 10 ശതമാനം കേരളത്തിന് സമ്മാനിക്കുന്നത് വിനോദസഞ്ചാരമേഖലയാണ്. ഈ തിരിച്ചറിന്റെ അടിസ്ഥാനത്തിലാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും യോഗം വിളിച്ച് ഹര്‍ത്താല്‍ പോലുള്ള പ്രക്ഷോഭങ്ങളില്‍ നിന്നും വിനോദസഞ്ചാര മേഖലയെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. 

ഈ നിര്‍ദേശത്തെ എല്ലാ പ്രധാന രാഷ്ട്രീയ കക്ഷികളും ഇരുകൈയും നീട്ടി സ്വാഗതം ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ ഇതിന് ഗുണവുമുണ്ടായിരുന്നു. എന്നാല്‍ ബിജെപിയും ആര്‍എസ്എസും നേതൃത്വം കൊടുത്ത് നടത്തിയ ഘര്‍ത്താലുകളുടെ ഘട്ടം വന്നപ്പോള്‍, ടൂറിസം മേഖലയ്ക്ക് രാഷ്ട്രീയകക്ഷികള്‍ നല്‍കിക്കൊണ്ടിരുന്ന പ്രത്യേക പരിഗണന ഒട്ടും തന്നെ നല്‍കാന്‍ തയ്യാറായില്ല. അവര്‍ ആദ്യം തന്നെ ആക്രമിക്കാന്‍ തയ്യാറായത് വിനോദസഞ്ചാരികളെയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. 

കേരളത്തില്‍ ഇതിനേക്കാള്‍ വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എത്ര തീവ്രമായ സമരങ്ങള്‍ ഉണ്ടായപ്പോഴും വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായിട്ടില്ല. ടൂറിസ്റ്റുകളെ ആക്രമിക്കുന്നത് കേരളത്തിന്റെ സംസ്‌കാരമല്ല. കേരളത്തിലേക്കുള്ള സഞ്ചാരം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് സംസ്ഥാനത്തിന് അപമാനകരമാണ്. 

ശബരിമല കര്‍മ്മ സമിതി തന്ത്രിയെ ആയുധമാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കര്‍മ്മ സമിതി എന്നുപറഞ്ഞാല്‍ ആര്‍എസ്എസ് തന്നെയാണ്. അവര്‍ തങ്ങളുടെ ആവശ്യത്തിനായി തന്ത്രിയെയും ക്ഷേത്രങ്ങളെയും ഉപയോഗിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

തന്ത്രി നടയടച്ച് ശുദ്ധിക്രിയ ചെയ്തത് സുപ്രിംകോടതി വിധിയുടെ ലംഘനമാണ്. അക്കാര്യത്തില്‍ സംശയമില്ല. അയിത്താചാരത്തിന്റെ പ്രശ്‌നം പോലും ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അങ്ങനെ ചെയ്യാന്‍ തന്ത്രിക്ക് അവകാശമില്ല. തന്ത്രി ഏത് തീരുമാനം എടുക്കുമ്പോഴും ദേവസ്വം ബോര്‍ഡിനോട് ആലോചിക്കേണ്ടതാണ്.

ഇക്കാര്യത്തില്‍ തന്ത്രിയോട് വിശദികരണം ചോദിച്ചിട്ടുണ്ട്. വിശദീകരണം ലഭിച്ചശേഷം ദേവസ്വം ബോര്‍ഡ് ഉചിതമായ തീരുമാനമെടുക്കും. തന്ത്രിയെ നിയമിച്ചത് ദേവസ്വം ബോര്‍ഡാണ്. തന്ത്രിയെ മാറ്റാനും ബോര്‍ഡിന് കഴിയും. ഇക്കാര്യത്തില്‍ സംശയം വേണ്ടെന്നും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com