തലശ്ശേരിയില്‍ നാളെ വരെ നിരോധനാജ്ഞ ;  പ്രകടനങ്ങള്‍ക്ക് വിലക്ക്

തലശ്ശേരി-ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
തലശ്ശേരിയില്‍ നാളെ വരെ നിരോധനാജ്ഞ ;  പ്രകടനങ്ങള്‍ക്ക് വിലക്ക്

കണ്ണൂർ : തലശ്ശേരി-ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുള്ള സംഘര്‍ഷം പൂര്‍ണമായി ശാന്തമാകാത്ത സാഹചര്യത്തിലാണ് നാളെ രാത്രി 12 മണി വരെ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

തലശ്ശേരി നഗരത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിലക്ക് ലംഘിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് എസ്.പി ജി ശിവവിക്രം അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസവും വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ബിജെപി നേതാവ് വി മുരളീധരന്‍ എം.പി, തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍, സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി ശശി എന്നിവരുടെ വീടുകള്‍ക്കുനേരെ ബോംബേറുണ്ടായി.

ഇരിട്ടിക്കടുത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു. ബി.ജെ.പി ചിറയ്ക്കല്‍ മേഖലാ ഓഫീസിന് തീയിട്ടു. വരാന്തയില്‍ കിടന്നുറങ്ങിയ പ്രവര്‍ത്തകന് പൊള്ളലേറ്റു. പിലാത്തറയിലെ ബിജെപി പ്രാദേശിക നേതാവിന്റെ വീടിനും കടയ്ക്കും നേരെ അക്രമമുണ്ടാവുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com