കേരളത്തിലെ കൊടും തണുപ്പിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റ് ; ഏതാനും ദിവസം കൂടി തുടരാന്‍ സാധ്യത

വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം വീശാറുള്ള കാറ്റ് ഇത്തവണ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു
കേരളത്തിലെ കൊടും തണുപ്പിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റ് ; ഏതാനും ദിവസം കൂടി തുടരാന്‍ സാധ്യത


തിരുവനന്തപുരം: കേരളം പതിവില്ലാത്ത വിധം തണുത്തുവിറയ്ക്കുകയാണ്. കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും വലിയ തണുപ്പാണ് കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. സാധാരണ നിലയില്‍ ഒന്നോ, രണ്ടോ ഡിഗ്രി കുറയുന്നതിന് പകരം ഈ വര്‍ഷം നാലു ഡിഗ്രിയോളമാണ് അന്തരീക്ഷ ഊഷ്മാവ് താഴ്ന്നത്. മൂന്നാറില്‍ തണുപ്പ് പൂജ്യത്തിലും താഴെ മൈനസ് മൂന്നായപ്പോള്‍ സാധാരണ ജനമേഖലകളില്‍ പുനലൂരിലാണ് ഈ വര്‍ഷത്തെ റെക്കോഡ് തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 16.2 ഡിഗ്രി. ശബരിമലയില്‍ 16 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്ന തണുപ്പ്. 

കേരളത്തില്‍ തണുപ്പ് കൂടിയതില്‍  അസാധാരണമായി ഒന്നുമില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി വഴിയെത്തിയ വെസ്‌റ്റേണ്‍ ഡിസ്‌ററര്‍ബന്‍സ് അഥവാ പടിഞ്ഞാറന്‍ കാറ്റാണ് കൊടും തണുപ്പിന് കാരണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു. സാധാരണ വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം വീശാറുള്ള കാറ്റ് ഇത്തവണ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. 

പശ്ചിമഘട്ട പര്‍വ്വതനിരകള്‍ വരണ്ട കാറ്റ് ആഗിരണം ചെയ്യുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിഭാസമാണ് തണുപ്പു കൂടാന്‍ കാരണം. മഴ മേഘങ്ങള്‍ അകന്ന് ആകാശം തെളിഞ്ഞതും കാറ്റിന് കരുത്തേകിയെന്നാണ് റിപ്പോര്‍ട്ട്. രണ്ടുമൂന്നു ദിവസത്തിനകം തണുപ്പ് കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂചിപ്പിച്ചു. ഇപ്പോഴത്തെ കൊടും തണുപ്പ് കൂടിയത് വരാനിരിക്കുന്ന വന്‍ വരള്‍ച്ചയുടെ സൂചനയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിന് അടിസ്ഥാനമില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com